പുതിയാപ്പയില്‍ പുതിയ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ മുറികളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു
പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞബദ്ധമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളും 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് പുതിയാപ്പയിൽ നിര്‍മ്മിച്ചിട്ടുള്ളത്.
കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം
പറഞ്ഞു. മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്നതിനുമുള്ള നടപടികളുമായി സർക്കാർ ഇനിയും മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയാപ്പ ഹാർബറിൽ നിർമ്മിച്ച ഫിംഗർ ജെട്ടിയിലൂടെ മത്സ്യതൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് യഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
മേയര്‍ ഡോ.ബീന ഫിലിപ്പ്, കൗൺസിലർ കെ. മോഹൻദാസ്, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ജനപ്രതിനിധികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.