വെള്ളറക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമുവിനു നാട്ടുകാർ ഉജ്വല സ്വീകരണം നൽകി
കൊയിലാണ്ടി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് റദ്ദാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച ശേഷം എത്തിയ ഷൊർണൂർ-കണ്ണൂർ മെമു എക്പ്രസിനെ നാട്ടുകാർ ഉജ്വല സ്വീകരണം നൽകി. രാവിലെ 7:05 നാണ് മെമു വെള്ളറക്കാട് സ്റ്റേഷനിലെത്തിയത്. കുരുത്തോല ചാർത്തിയും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ള മെമുവിലെ ജീവനക്കാർക്ക് ഇളനീരും മധുരവും നൽകിയുമായിരുന്നു സ്വീകരണം. സ്വീകരണത്തിന് പുറയ്ക്കൽ ന്യൂ സ്റ്റാർ കലാവേദിയാണു നേതൃത്വം നൽകിയത്.
ലോക്ഡൗണിനു മുൻപ് 5 ട്രെയിനുകൾക്ക് വെള്ളറക്കാട് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായതോടെ സ്റ്റോപ്പുകൾ റദ്ദാക്കുകയായിരുന്നു.സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ കർമസമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പപ്പൻ മൂടാടി, കെ.മുരളീധരൻ എംപിക്കും റെയിൽവേ ഡിവിഷനൽ മാനേജർക്കും നിവേദനം നൽകിയിരുന്നു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ശക്തമായ ഇടപെടൽ നടത്തി. തുടർന്നാണ് 4 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത്.
സ്വീകരണത്തിൽ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെംബർമാരായ പപ്പൻ മൂടാടി, കെ സുമതി, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.