സര്‍ക്കാര്‍ പറമ്പിലെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവൃത്തി നിര്‍ത്തിവെക്കുക: സി.പി ചെറിയ മുഹമ്മദ്
കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കാരശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പിലെ അനധികൃത പ്രവൃത്തികള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്ന് ഗെയില്‍ വിരുദ്ധ സമര സമിതി സംസ്ഥാന കണ്‍വീനര്‍ സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഗെയില്‍ വിരുദ്ധ സമരത്തിന്റെ തുടക്ക കേന്ദ്രമായിരുന്ന കോഴിക്കോട് ജില്ലയിലെ കാരശേരി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പില്‍ കൂറ്റന്‍ പാറകള്‍ തുരന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതിനായി പാറക്കുള്ളില്‍ നിക്ഷേപിച്ച വിഷാംശം കലര്‍ന്ന ലായനി മഴവെള്ളത്തില്‍ പരന്നൊഴുകി പരിസര വീടുകള്‍ക്കും കിണറുകള്‍ക്കും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. വിഷം കലര്‍ന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി പൊതു നിരത്തിനു സമീപം ഇട്ടിരിക്കുകയാണ്. കുന്നിടിച്ചതിന്റെ ഫലമായി ഉരുള്‍പൊട്ടല്‍ സമാനമായ രീതിയില്‍ മണ്ണൊലിച്ചു പരിസര വീടുകളിലെല്ലാം ചെളി നിറഞ്ഞിരിക്കുന്നു. ഏതാനും വീടുകളിലേക്കുള്ള പോക്കറ്റ് റോഡുകള്‍ മണ്ണ്കൂടി അടഞ്ഞതിനാല്‍ അവരുടെ ജീവിത മാര്‍ഗ്ഗവും അടഞ്ഞിരിക്കുന്നു.
ഗെയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി പരിസരവാസികള്‍ക്ക് ജീവല്‍ ഭീഷണിയുയര്‍ത്തുന്ന പ്രവൃത്തികള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ സമര സമിതി നേതൃത്വം നല്‍കുമെന്നും സി.പി.ചെറിയ മുഹമ്മദ് പറഞ്ഞു. സെപ്തംബര്‍ 4 ന് ബുധനാഴ്ച വൈകീട്ട് സൂചന സമരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.