KERALAUncategorized

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഒരുങ്ങി

 

ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തിയാഘോഷിക്കുകയാണ് കേരളം. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക. ‘സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ’ എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ നടക്കുന്നത്.

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ലളിതമായിട്ടായിരുന്നു അഷ്ടമി രോഹിണി ദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. രോഗവ്യാപന ഭീഷണി കണക്കിലെടുത്ത് കുടുംബശോഭായാത്രകളായിട്ടായിരുന്നു കഴിഞ്ഞ വർഷം ശ്രീകൃഷ്ണ ജയന്തി നടന്നത്.

എന്നാൽ ഇത്തവണ പതിനായിരത്തോളം ശോഭായാത്രകളാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആറന്മുള, കൊച്ചി, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര സംഗമങ്ങൾ വിപുലമായി നടക്കും. ഗുരുവായൂരിലും ആറന്മുളയിലും പ്രത്യേക ചടങ്ങുകളുണ്ടാകും. അഷ്ടമി രോഹിണി വള്ളസദ്യയുൾപ്പെടെയാണ് ആറന്മുളയിൽ നടക്കുന്നത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button