CALICUTDISTRICT NEWSUncategorized

ജില്ലയില്‍ ക്ഷീരഗ്രാമം പദ്ധതിക്കായി 12.29 കോടി രൂപ

ജില്ലാ പഞ്ചായത്തിന്റെ സംയോജിതപദ്ധതിയായ ക്ഷീരഗ്രാമം ജില്ലയില്‍ വിപുലമായ മാറ്റങ്ങളോടെ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 12.29 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. 445.52 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
38 ഗ്രാമ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പശുക്കളെ വിതരണം ചെയ്യുന്നതിന് പുറമേ ശുചിത്വമാര്‍ന്ന കാലിതൊഴുത്ത്, മില്‍ക്ക് ഇന്‍സെന്റീവ്, വെര്‍മി കമ്പോസ്റ്റ്, ധാതുലവണ മിശ്രിതം, വിരമരുന്ന് വിതരണം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ക്ഷീരഗ്രാമം പദ്ധതി വിപുലീകരിക്കുന്നത്. 901 പശുക്കളെയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഇതിന് പുറമെ 210 പേര്‍ക്ക് ബയോഗ്യാസ് പ്ലാന്റും നല്‍കും.
ജില്ലയിലെ അംഗന്‍വാടികളില്‍ സമഗ്ര പരിഷ്‌കരണം കൊണ്ടുവരും. ഇതിനായി ഇംഹാന്‍സുമായി ചേര്‍ന്ന് അക്കാദമിക് നിലവാരം ഉയര്‍ത്തുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ ഓരോ മാസവും ഭരണസമിതി അവലോകന യോഗങ്ങള്‍ നടത്താനും വകുപ്പ് തലത്തില്‍ ജില്ലാ മേധാവികള്‍ പ്രത്യേക അജന്‍ഡയായി ഉള്‍പ്പെടുത്തി പുരോഗതി അവലോകന ചെയ്യാനും യോഗം നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ജില്ലയിലെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും അവലോകനം ചെയ്യണം. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മുഖേന നടത്തുന്ന ധാതു സമൃദ്ധി പദ്ധതിയുടെയും ഹരിതകേരള മിഷന്‍ പദ്ധതിയുടെയും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള യോഗം ഈ മാസം നടത്താനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്തിന്റെയും തൂണേരി, പേരാമ്പ്ര, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും ചേറോട്, എടച്ചേരി, ചെങ്ങോട്ട്കാവ്, ചാത്തമംഗലം, മടവൂര്‍, പെരുമണ്ണ, അത്തോളി, മേപ്പയൂര്‍, കായക്കോടി, ഉണ്ണികുളം, വാണിമേല്‍, ബാലുശ്ശേരി, അരിക്കുളം, കിഴക്കോത്ത്, പുറമേരി ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.
ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക,് ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ രജനി തടത്തില്‍, സുജാത മനക്കല്‍, പി ഭാനുമതി, ആര്‍ ബാലറാം, പി ജി ജോര്‍ജ് മാസ്റ്റര്‍, കെ സത്യന്‍, അഹമ്മദ് പുന്നക്കല്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫിസര്‍ എം പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button