ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; തിരുവോണത്തിനായി ഇനി പത്തുനാള്‍ കാത്തിരിപ്പ്
ഇന്ന് അത്തം ഒന്ന്. ഇനി പത്താം നാൾ തിരുവോണം. കൊവിഡ് കവർന്നെടുത്ത രണ്ട് വർഷത്തെ ഓണം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. സംസ്ഥാന തല ഓണാഘോഷം സെപ്തംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും.
നാല് വർഷമായി കൊവിഡ് പ്രതിസന്ധി കാരണം അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ ഇത്തവണ വിപുലമായി തന്നെ അത്തം ദിനം ആഘോഷിക്കും. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വിപുലമായ പരിപാടികളോടെയാണ് ഇത്തവണ ഓണാഘോഷത്തിന് തുടക്കമാകുന്നത്. ഇരുപതോളം നിശ്ചല ദൃശ്യങ്ങളുടെയും തെയ്യം, തിറ, കഥകളി തുടങ്ങി നാൽപ്പത്തഞ്ചോളം കലാരൂപങ്ങൾ ഘോഷയാത്രയിൽ അണി നിരക്കും.