ഇനി പൊലീസിനൊപ്പം വാഹനപരിശോധനയ്‌ക്ക് ആൽകോ സ്‌കാൻ വാനും ഉണ്ടാകും
അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ അടങ്ങിയ ആൽകോ സ്‌കാൻ വാൻ ഇനി പൊലീസിനൊപ്പം വാഹനപരിശോധനയ്‌ക്ക് നിരത്തിലുണ്ടാകും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ ആരംഭിച്ച ആൽകോ സ്‌കാൻ വാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
മദ്യം മാത്രമല്ല, ഏത് ലഹരി ഉപയോഗിച്ച് വാഹനവുമായി നിരത്തിലിറങ്ങിയാലും ആൽകോ കണ്ടെത്തുകയും ഏത് ലഹരിയാണ് ഉപയോഗിച്ചതെന്ന് അരമണിക്കൂറിനുള്ളിൽ കണ്ടുപിടിക്കുകയും ചെയ്യും.

ഡ്രൈവറുമായി ആശുപത്രിയിലേക്ക് പോകേണ്ട. പൊലീസിന് തുടർനടപടി വേഗത്തിൽ സ്വീകരിക്കാം. വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമുണ്ടാകും.
മദ്യം കഴിച്ച് വാഹനമോടിക്കുന്നവരെ പരിശോധനയിലൂടെ പിടികൂടാൻ നിലവിൽ കഴിയുന്നുണ്ട്. എന്നാൽ, മയക്കുമരുന്നുപോലുള്ളവ ഉപയോഗിച്ച് നിരത്തിലിറങ്ങുന്നവരെ പിടിക്കാൻ ബുദ്ധിമുട്ടാണ്. ആൽകോ വരുന്നതോടെ ഇത് പരിഹരിക്കാമെന്നും അപകടങ്ങൾ കുറയ്‌ക്കാമെന്നുമാണ് കണക്കുകൂട്ടൽ. വിദേശ രാജ്യങ്ങളിൽ ഈ സംവിധാനമുണ്ട്. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് ആൽകോ നിരത്തിലിറങ്ങി. താമസിയാതെ എല്ലാ ജില്ലയിലും നടപ്പിലാക്കും.