നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു
തൃശൂര്‍: നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. ഭർത്താവ് കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി. യുവതിയെ ഗുരുതരാവസ്ഥയില്‍ ആദ്യം കുന്നംകുളം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ ഭർത്താവായ ഷെക്കീര്‍ ഫാരിസബാനുവിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കിയില്ല. കട്ടിലില്‍ ചേര്‍ത്തുവച്ച് ഇടിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന്റ തുടര്‍ച്ചയാണിതെന്നും ലൈല പറഞ്ഞു.
ആദ്യത്തേത് പെണ്‍കുട്ടി ആയതിലും ഷെക്കീര്‍ ദേഷ്യം പ്രകടിപ്പിച്ചിരുന്നു. ഫാരിസബാനു രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടും മര്‍ദിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു.