കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം മൂന്നിൽ ഒരു ഭാഗം നൽകാൻ കോടതി ഉത്തരവ്
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം മൂന്നിൽ ഒരു ഭാഗം നൽകാൻ കോടതി ഉത്തരവ്. സർക്കാർ ഇതിനായി 50 കോടി ഉടൻ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആർടിസി ജീവനക്കാർക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകൾ നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദേശം വച്ചത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉൾപെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്താനും കോടതി നിർദ്ദേശം നല്കി.
എന്നാൽ കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് വീതം നൽകാൻ നിർദ്ദേശിച്ചു.