കുറ്റ്യാടി കെനാൽ തകർച്ച; വടകര താലൂക്കിൽ കുടിവെള്ളം മുടങ്ങും (വീഡിയോ കാണാം)

പേരാമ്പ്ര:കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കെനാൽ മരുതോങ്കരക്കടുത്ത് തകർന്നതോടെ, വടകര താലൂക്കിൽ ഒരു മാസത്തിലധികം കെനാൽ ജലം മുടങ്ങും. വേനൽ കടുത്തതോടെ  കിണറുകളിലേയും മറ്റും വെള്ളം വറ്റാതെ നിലനിർത്തുന്നത് ഈ കെനാൽ വെള്ളമാണ്. ഒരു മാസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പിന്നെയും നീണ്ടു പോകാനാണ് സാദ്ധ്യത. വരൾച്ച ഇപ്പോൾ തന്നെ രൂക്ഷമായ വടകര താലൂക്കിന്റെ കിഴക്കൻ മേഖലകളിൽ സ്ഥിതി അതീവ രൂക്ഷമാകാനാണ് സാദ്ധ്യത. വലതുകര കനാൽ തകർന്നതിനെ തുടർന്ന് ഇടതുകര കെനാലിലെ നീരൊഴുക്ക് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഒന്നു രണ്ട് ദിവസത്തിനകം പഴയ നില പുനസ്ഥാപിക്കാനാകുമെന്ന് ഇറിഗേഷൻ അധികൃതർ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. കൊയിലാണ്ടി കോഴിക്കോട് താലൂക്കുകളിൽ ഇത് വലിയ ആശ്വാസമാകും.

താങ്കളാഴ്ച രാത്രി 11.30 ഓടെയാണ് മരുതോങ്കരക്കടുത്ത് 6.300 കിലോമീറ്ററിലുള്ള അണ്ടർ ടണൽ തകർന്നത്. ആളുകൾ ആദ്യം കരുതിയത് ഉരുൾ പൊട്ടൽ പോലെ എന്തോ സംഭവിച്ചതായാണ്. കെനാലും ടാർ റോഡും തകർന്നു. തൊട്ടടുത്ത ഒരു വീടിനും കേടുപാടുകൾ പറ്റി. വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്തെത്തി സർപ്ലസ് എസ്കേപ്പ് വാൾവ് തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. എമർജൻസി ഷട്ടർ അടച്ച് വെള്ളം നിയന്ത്രിക്കുകയും ചെയ്തു.

ഇത്തരം അപകട സാദ്ധ്യത നേരത്തെ പ്രവചിച്ചിരുന്നതാണ്. കലിക്കറ്റ് പോസ്റ്റ് തന്നെ അപകട സാദ്ധ്യത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ ഡിസംബർ മാസത്തോടെ കെനാലിലും പരിസരങ്ങളിലും മഴക്കാലത്ത് വളർന്ന കാടും പൊന്തകളുമൊക്കെ വെട്ടി വൃത്തിയാക്കുമായിരുന്നു. കെനാലിനകത്ത് വന്യമൃഗ ങ്ങളുണ്ടാക്കിയ മാളങ്ങളും മഞ്ചകളുമൊക്കെ അപ്പോൾ മാത്രമേ ശ്രദ്ധയിൽ പെടൂ. അങ്ങിനെ ശ്രദ്ധയിൽപ്പെടുന്ന മാളങ്ങളെല്ലാം കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് അടച്ച് കെനാൽ ബലപ്പെടുത്തിയ ശേഷമാണ് തുറക്കുക. ഇത്തവണ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇത്തരം ആവർത്തനപ്പണികൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചതോടെ, കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. പകരം സംവിധാനങ്ങളൊന്നും ഇറിഗേഷൻ വകുപ്പ് ഏർപ്പെടുത്തിയുമില്ല. അതുകൊണ്ട് മണ്ണു നീക്കാതേയും കാടുവെട്ടാതെയുമാണ് ഇത്തവണ മാർച്ച് ഒന്നിന് വെള്ളം തുറന്നു വിട്ടത്. ഇത്തരം ജോലികളെല്ലാം പൂർത്തിയാക്കി ജനുവരിയിൽ തന്നെ കനാൽ തുറക്കാറുള്ളതാണ്. 

1972 – 74 കാലത്താണ് ഈ കെനാലുകളുടെ നിർമ്മാണം മിക്കവാറും നടന്നത്. കാലപ്പഴക്കം കൊണ്ട് മിക്കവാറും അണ്ടർ ടണലുകളൊക്കെ (യു ടി) ദ്രവിച്ചു നശിച്ചിട്ടുണ്ട്. ഇവയൊന്നും പുനർ നിർമ്മിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ല. കേന്ദ്ര ഫണ്ടുകൾ സംഘടിപ്പിച്ച് ഇത്തരം ജോലികൾ ചെയ്യാൻ ജനപ്രതിനിധികളോ ഉദ്യേഗസ്ഥ പ്രമുഖരോ ഒരു ശ്രമവും നടത്തുന്നുമില്ല. കഴിഞ്ഞ വർഷവും പെരുവണ്ണാമുഴിക്കടുത്ത് കെനാൽ തകർന്ന് അപകടം സംഭവിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!