CALICUTDISTRICT NEWS
പെരുമണ്ണയിലെ മാലിന്യസംഭരണകേന്ദ്രത്തിനെതിരേ പ്രതിഷേധം

പെരുമണ്ണ: പാറക്കണ്ടം റോഡിൽ പുത്തലത്ത്താഴത്തുള്ള മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ചരാവിലെ എട്ടുമണിയോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. മുപ്പത് സെന്റോളം വരുന്നസ്ഥലത്ത് പ്രവർത്തിക്കുന്ന സംഭരണകേന്ദ്രത്തിൽ നിന്നുള്ള മലിനജലം സമീപപ്രദേശങ്ങളിലെ കിണറുകളിലെത്തുന്നതായി നാട്ടുകാർ പറഞ്ഞു. മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നത് കാരണം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്നതായും പരാതിയുണ്ട്. പ്രദേശത്താകെ ദുർഗന്ധവുമുണ്ട്.
ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന ഗാർഹികമാലിന്യമടക്കം കേന്ദ്രത്തിലെത്തിച്ച് വേർതിരിച്ച് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. പുത്തലത്ത്താഴത്ത് പഴയ സിനിമാഹാൾ പ്രവർത്തിച്ച സ്ഥലത്ത് ആരംഭിച്ച കേന്ദ്രത്തിനെതിരെ സമീപവാസികൾ പെരുമണ്ണ ഗ്രാമപ്പഞ്ചായത്തധികൃതർക്കും ആരോഗ്യവിഭാഗത്തിനും നേരത്തെ പരാതി നൽകിയിരുന്നു. എന്നിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.
വിവരമറിഞ്ഞ് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാകുമാരി കരിയാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം ആമിനാബി, പന്തീരാങ്കാവ് പോലീസ് തുടങ്ങിയവരടക്കമുള്ളവർ സ്ഥലത്തെത്തി. നാട്ടുകാരുടെ പരാതിയിൽ ഉടനെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അസോസിയേഷൻ പ്രസിഡണ്ട് പി.പി. അബ്ദുൾ ബഷീർ, സെക്രട്ടറി എം.കെ. അഷറഫ്, ഫിറോസ് തിരുനിലം, രമേശൻ പാലിയിൽ, ബഷീർ തിരുനിലം, ദിനേശൻ നെടുമ്പുറത്ത്, കെ.ടി.പി. കബീർ, പി. കൃഷ്ണകുമാർ, സുബൈർ പാലക്കലൊടി, പുഷ്പ തിരുനിലം തുടങ്ങിയവർ നേതൃത്വം നൽകി.
Comments