ഉത്രാടപ്പാച്ചിൽ വരെ ക്ഷമിച്ചിരിക്കാനാവുന്നില്ല മലയാളികൾക്ക്; നാടും നഗരവും ഓണപ്പാച്ചിലിൽ വീർപ്പുമുട്ടുകയാണ്
കോഴിക്കോട്: കോവിഡ് പേടിയിൽ അകത്തളങ്ങളിൽ ഒതുങ്ങി ഓണം ആഘോഷിച്ചവർ രോഗത്തിന് ശമനം വന്നതോടെ മത്സരിച്ച് ഓണത്തെ വരവേൽക്കാൻ തെരുവിലിറങ്ങുകയാണ്. രോഗം ഏറെക്കുറെ പിൻമാറിയതിന്റെ ആശ്വാസം ജനങ്ങളുടെ ആഹ്ളാദാരവങ്ങളിൽ കാണാം. വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൂവിപണിയാണ് ഏറ്റവും സജീവം. ചെണ്ടുമല്ലി, ജമന്തി, മല്ലിക, റോസ്, താമര, മുല്ല തുടങ്ങി പേരറിയാത്തവയുൾപ്പെടെ പല നിറങ്ങളിലുമുള്ള പൂക്കളുണ്ട് ഇത്തവണത്തെ ഓണവിപണിയിൽ. കർണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ഇടുക്കി, കോട്ടയം പോലുള്ള ജില്ലകളിൽ നിന്നും പൂക്കൾ ധാരാളമായി വിപണിയിലെത്തുന്നുണ്ട്. വില അല്പം കൂടിയിട്ടുണ്ടെങ്കിലും ആവശ്യക്കാർക്ക് കുറവൊന്നുമില്ല.
നാടൻ പൂക്കൾ ശേഖരിക്കാൻ ന്യൂജനറേഷൻ പിള്ളേർക്ക് വലിയ താല്പര്യമില്ലങ്കിലും ഓണത്തിന്റെ ഗൃഹാതുര സ്മരണകളുമായി ധാരാളം സ്‌ത്രീകൾ അതികാലത്ത് പൂക്കൾ ശേഖരിക്കാൻ നാട്ടിൻപുറങ്ങളിലിറങ്ങുന്നുണ്ട്. ഓണത്തപ്പനെ മൂടാൻ വേണ്ടത് തുമ്പയായത് കൊണ്ടും ഓണത്തിന് മുന്തിയ പരിഗണനയുള്ള പൂവായതുകൊണ്ടും തുമ്പപ്പൂ ശേഖരിക്കാനാണ് വലിയ മത്സരം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഔഷധച്ചെടിയാണ് തുമ്പ എന്നതും അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. പുലർച്ചെ നാല് മണിക്കൊക്കെ പൂവിറുക്കാൻ ഹെഡ്ഡ്ലൈറ്റ് ഘടിപ്പിച്ച് ഉത്സാഹത്തോടെ ഇറങ്ങുന്നവർ ധാരാളമുണ്ട് നാട്ടിൻപുറങ്ങളിൽ. ഇവർക്ക് പക്ഷേ പൂവിരിയുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പല ഘട്ടങ്ങളിലായാണ് തുമ്പപ്പൂ വിടരുക എന്നതുകൊണ്ട്, പറിച്ചൊഴിഞ്ഞ ചെടികളിൽ തന്നെ കാലത്ത് എട്ടുമണിവരെയൊക്കെ പൂക്കൾ വീണ്ടും വിടരും. അതുകൊണ്ട് പല സംഘങ്ങളായി പല സമയത്ത് പൂപറിക്കാനിറങ്ങുന്നവരുണ്ട്. തുമ്പ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള പൂവ് ചെമ്പരത്തിയാണ്. കുട കുത്താനും ഇതളിടാനുമൊക്കെയായി ചെമ്പരത്തിക്ക് വലിയ ഡിമാന്റാണ്. കൃഷ്ണകിരീടം, തൊട്ടാവാടി, മരമഞ്ഞ, അരിപ്പൂ , വേലിയേരി, തെച്ചിപ്പൂ, മതിൽപ്പച്ച തുടങ്ങി ധാരാളം നാടൻ പൂക്കൾ ശേഖരിച്ച് കളങ്ങൾ നിറക്കുന്നുണ്ട്. അങ്ങാടിപ്പൂക്കൾ വാങ്ങാതെ നാടൻ പൂക്കൾ കൊണ്ട് മാത്രമേ പൂക്കളങ്ങൾ തീർക്കൂ എന്ന് വാശിയുള്ളവരുമുണ്ട്. കാലാവസ്ഥാ വ്യതിയാനം പലതരം പൂക്കളുടേയും ലഭ്യതയെ ബാധിച്ചിട്ടുണ്ട്. പലതും ഓണത്തിന് മുമ്പ് തന്നെ പൂത്ത് കൊഴിഞ്ഞ് കായകളായി തീർന്നു. ഒരു കാലത്ത് വയലുകളിൽ സുലഭമായിരുന്ന കാക്കപ്പൂ, വള്ളിമഞ്ഞ പോലുള്ള പൂക്കളൊന്നും കണി കാണാൻ പോലുമില്ല.
പൂ വിപണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് തുണിക്കടകളിലാണ്. ബ്രാന്റഡ് വസ്ത്രങ്ങൾ വില്ക്കുന്ന ഫാക്ടറി ഔട്ട് ലെറ്റുകളിലൊന്നും വലിയ തിരക്കില്ല. കാര്യമായ ഓണം ഓഫറുകളൊന്നും ഇവിടെയില്ലാത്തതാവാം കാരണം. ഇവരുടെ ഉല്പന്നങ്ങളുടെ വിപണനം പ്രധാനമായും ഓൺലൈനിലാണ് നടക്കുന്നത്. അവിടെ പല പാക്കേജുകളും ഓഫറുകളും ലഭിക്കുമെന്നതിനാലും, തെരഞ്ഞ് മടുക്കേണ്ടതില്ലാത്തതിനാലും പുതുതലമുറ വലിയ തോതിൽ ഓൺലൈൻ വ്യാപരത്തെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കാലത്തുമില്ലാത്ത രീതിയിലുള്ള വളർച്ചയാണ് ഇത്തവണ ഓണത്തിന് ഓൺലൈൻ വിപണിയിലുണ്ടായത്. തുണി ഐറ്റങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഇപ്പോഴും പ്രിയം മിഠായിത്തെരുവ് തന്നെയാണ്. കോഴിക്കോട് ഏറ്റവും തിരക്കുള്ള വ്യാപാരകേന്ദ്രവും ഇതു തന്നെ. ഏറ്റവും വില കുറഞ്ഞ ഉല്പന്നങ്ങൾ മുതൽ ഏറ്റവും മുന്തിയ വില കൂട്ടിയ ഇനം തുണികൾ വരെ ഇവിടെ ലഭിക്കും. 500 രൂപക്ക് നാല് ടോപ്പ്, നാല് പാന്റ്സ് തുടങ്ങി വലിയ ഒച്ചയാരവങ്ങളോടെ കടകളിലും തെരുവോരത്തുമൊക്കെയാണ് കച്ചവടം പൊടിപൊടിക്കുന്നത്.
എല്ലാവരും കടകളിൽ നിന്ന് പുറത്തിറങ്ങി തെരുവോരങ്ങളിൽ നിന്നാണ് വില്പന. ദില്ലിയിലെ സരോജിനി മാർക്കറ്റിന്റെയൊക്കെ ഛായയുണ്ട് ഇപ്പോൾ മിഠായി തെരുവിന്. സാധങ്ങൾ വാങ്ങുന്നതിനപ്പുറം ഈ പരമ്പരാഗത തെരുവിലെ തിരക്കിനും ആരവങ്ങൾക്കുമിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആഹ്ളാദിക്കുന്നവരും ധാരാളം. തെരുവു കച്ചവടക്കാർക്കും ഇത്തവണ നല്ല കോളു കിട്ടുന്നുണ്ട്. പാവപ്പെട്ട വീടുകളിലെ ആളുകൾ തങ്ങളുടേയും കുഞ്ഞുങ്ങളുടേയും വസ്ത്രമോഹങ്ങളെ തൃപ്തിപ്പെടുത്താൻ ആശ്രയിക്കുന്നത് ഇവരെയാണ്. വിലക്കുറവാണ് പ്രധാന ആകർഷണം. മഴയുണ്ടെങ്കിലും വ്യാപാരത്തെ മൊത്തമായി തടസ്സപ്പെടുത്തും വിധമുള്ള മഴ ഓണത്തോടുത്ത ദിവസങ്ങളിൽ ഉണ്ടായിട്ടില്ലെന്നതും ആശ്വാസകരമാണ്. ഹാന്റക്സ്, കൈത്തറി സംഘങ്ങൾ, കൊ ഓപ്ടക്സ്, ഖാദി എന്നിവിടങ്ങളിൽ എല്ലാം കച്ചവടം കിട്ടുക ഓണക്കാലത്താണ്. ഖാദിയിൽ മൊത്തം മുപ്പത് ശതമാനം റിബേറ്റുണ്ട്. നല്ല വില്പനയാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹാന്റക്സിൽ 20 ശതമാനം റിബറ്റേ ഉള്ളൂ. കാർഡുപയോഗിച്ച് പണം നൽകുന്നവർക്ക് മറ്റൊരു പത്തുശതമാനം റിബേറ്റും അനുവദിക്കുന്നുണ്ട്. തുണിത്തരങ്ങൾക്ക് കുറവില്ല. തമിഴ്നാട് സർക്കാരിന്റെ കൊ ഓപ്റ്റെക്സിൽ ഓണക്കാലത്ത് പൊടിപൊടിച്ച കച്ചവടം പതിവുള്ളതാണ്. 30 ശതമാനം റിബേറ്റും ലഭിക്കുമായിരുന്നു. എന്നാൽ കോവിഡിന് ശേഷം പഴയ കോ ഓപ്റ്റെക്സിന്റെ നിഴലേ ഇപ്പോഴുള്ളൂ. 30 ശതമാനം റിബേറ്റുണ്ടെങ്കിലും ഉല്പന്നങ്ങൾ വളരെ കുറവ്. ഇവിടങ്ങളിലെല്ലാം സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യങ്ങളുണ്ട്.
തുണി വിപണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിപണം നടക്കുന്നത് ഇലക്ട്രോണിക് ഉല്പന്നങ്ങളിലാണ്. അതിൽതന്നെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഡിവൈസുകൾ വാങ്ങാനാണ് ധാരാളം പേരെത്തുന്നത്. ടി വി ,ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ , ഡിഷ് വാഷർ തുടങ്ങി ഗൃഹോപകരണങ്ങൾ വാങ്ങാനും പുതുക്കാനും വലിയ തിരക്കുണ്ട്. പുതുതായി ഇത്തരം സാധനങ്ങൾ വാങ്ങാനെത്തുന്നവരേക്കാളുപരി തങ്ങളുടെ പഴയ മോഡലുകൾ എക്സേഞ്ച് ചെയ്ത് പുതിയത് വാങ്ങാനെത്തുന്നവരാണ് അധികവും. അത് കൊണ്ട് മിക്കവാറും കമ്പനികൾ എക്സേഞ്ച് ഓഫറുകൾ മുന്നോട്ടു വെക്കുന്നുണ്ട്. തിരിച്ചേൽപ്പിക്കുന്ന ഉല്പന്നത്തിന് കാര്യമായ വിലയൊന്നും കിട്ടില്ലെങ്കിലും ഇലക്ടോണിക് വെയ്സ്റ്റായി വീട്ടിൽ കിടക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്നതും എക്സേഞ്ച് മേളയുടെ സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
മറ്റൊരു തിരക്കുള്ള വ്യാപാര മേഖല മോട്ടോർ വാഹനരംഗമാണ്. ഇവിടെ ഇരു ചക്രവാഹനങ്ങൾക്കും കാറുകൾക്കും ഒരുപോലെ ഡിമാന്റുണ്ട്. അവിടേയും എക്സേഞ്ച് ഓഫറുകൾ പ്രധാനമാണ്. ടൂവീലറുകളിൽ ആക്ടീവ മോഡൽ സ്കൂട്ടറുകൾക്കാണ് ആവശ്യക്കാരേറെ, ഹീറോ, ഹോണ്ട, യമഹ, ടി വി എസ്, ബുളറ്റ് തുടങ്ങിയ ഇരുചക്ര വാഹനങ്ങൾക്കും നല്ല ഡിമാന്റാണ്. കാറുകളിൽ മാരുതിയുടെ പ്രതാപകാലം കഴിഞ്ഞു എന്ന് പറയുമ്പോഴും സാധാരണ ആവശ്യക്കാർക്ക് ഇപ്പോഴും പ്രിയം മാരുതിയോടാണ്. എല്ലാ അന്താരാഷ്ട്ര ബ്രാന്റുകളും കേരളത്തിലും ലഭ്യമാണെന്നത് കൊണ്ടും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാർ വിപണിയാണ് കേരളം എന്നത് കൊണ്ടും ഓണക്കാലം ഇവർക്കും പ്രിയപ്പെട്ട കാലമാണ്. എന്തുകൊണ്ടാണെന്നറിയില്ല, പഴയ പോലെ ഓഫറുകളുടെ ധാരാളിത്തമൊന്നും എവിടേയുമില്ല.
മറ്റൊരു പ്രധാന വിപണി ഭക്ഷണം വിളമ്പുന്നവരുടേതാണ്. മിക്കവാറും വലുതും ഇടത്തരവുമായ ഹോട്ടലുകൾ ഇതിനകം തന്നെ ഓണസദ്യ വിളമ്പിത്തുടങ്ങിയിട്ടുണ്ട്. ഹോം ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്. നാക്കിലയടക്കം ഓണസദ്യ വീട്ടിലെത്തിക്കാൻ ഇവർ ഒരുങ്ങിക്കഴിഞ്ഞു. ഒരിലക്ക് 150 മുതൽ 1500 രൂപ വരെ ഈടാക്കി ഓണസദ്യയൊരുക്കുന്ന ഹോട്ടലുകൾ കോഴിക്കോട് നഗരത്തിലുണ്ട്. സദ്യ എന്ന നിലയിൽ പൂർണ്ണമായും വെജിറ്റേറിയനും പ്രത്യക പാക്കേജുകളായി നോൺവെജ് വിഭവങ്ങളുമാണ് മിക്കവാറും പേർ ഒരുക്കിയിരിക്കുന്നത്. മറ്റൊരു പ്രത്യേകത ഇവർ ജില്ലയിലോ, തൊട്ടടുത്ത ജില്ലയിലോ എവിടെയായാലും ഓണസദ്യ വിളമ്പാൻ തയാറാണ് എന്നതാണ്. ഓണത്തിന് അടുക്കളയിൽ കുടുങ്ങിക്കിടക്കാതെ അർമാദിക്കാനും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാനും ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇറച്ചിയും മീനും അവീലും ഓലനും പുളിയിഞ്ചിയും പപ്പടവും പായസ്സവുമൊക്കെ ഒരുമിച്ച് പാകം ചെയ്ത്, സുഹൃത്തുക്കളേയെല്ലാം ക്ഷണിച്ച് അച്ഛനും അമ്മയും മക്കളും മുത്തച്ഛനും മുത്തശ്ശിയും എല്ലാമൊരുമിച്ച് ഓണമുണ്ണുന്നതിന്റെ ത്രിൽ ആസ്വദിക്കുന്നവരും ധാരാളം.
മറ്റൊരു പ്രധാന വിപണി പായസ്സവില്പനക്കാരുടേതാണ്. പലതരം പ്രഥമനുകൾ, പഴപ്പായസങ്ങൾ, മുളയരിപ്പായസം, പുഡ്ഡിംഗുകൾ തുടങ്ങി സങ്കല്പിക്കാനാവാത്ത പായസ വൈവിദ്ധ്യങ്ങളാണ് ഇത്തവണ ഓണവിപണിയിൽ. ശശാശരി 400 രൂപയെങ്കിലും വിലയുണ്ട് സാധാരണ പായസങ്ങൾക്ക് പോലും. ഇവരും ഓർഡർ സ്വീകരിച്ച് വീടുകളിലെത്തിക്കാൻ തയാറാണ്. പച്ചക്കറി വിപണിയും സജീവമായി കഴിഞ്ഞു. നേന്ത്രക്കായയും പഴവുമാണ് ഓണത്തിന് ഏറ്റവും കൂടുതൽ ചെലവാകുന്ന പച്ചക്കറി ഇനം. ബേക്കറികളും ശർക്കര ഉപ്പേരി, വറുത്തുപ്പേരി, വിവിധ തരം ഹലുവകൾ, ചിപ്സുകൾ, കേയ്ക്കുകൾ എന്നിവയുമായി തയാറെടുത്തു കഴിഞ്ഞു. ആന മേയുമ്പോൾ കാട്ടിയും മേയും എന്ന് പറഞ്ഞ പോലെ ഈ വിപണികളെല്ലാമുണർന്നതോടെ ചെരുപ്പു കടകൾ ഉൾപ്പെടെ മറ്റെല്ലാ വ്യാപരകേന്ദ്രങ്ങളും ഉണർവിലാണ്. സർക്കാരിന്റെ ഓണച്ചന്തകളും മറ്റും അത്ര സജീവമല്ല. റേഷൻ കട വഴി എല്ലാവർക്കും കിറ്റ് ഉണ്ട്. റേഷൻ കടകളിലൂടെയുള്ള മറ്റ് വിഭവങ്ങളുടെ വിതരണം പതിവു പോലെ സജീവമല്ല. പല സഹകരണ സ്ഥാപനങ്ങളും സബ്സിഡി സാധനങ്ങളും അല്ലാത്തതും ഉൾപ്പെട്ട കിറ്റുകൾ 800 രൂപക്കും 1000 രൂപക്കുമൊക്കെ വിപണനം നടത്തുന്നുണ്ട്.
കോഴിക്കാട് നഗരത്തിൽ തിരക്കുവർദ്ധിച്ചതോടെ ഓട്ടോതൊഴിലാളികൾക്കും മറ്റും നന്നായി ഓട്ടം കിട്ടുന്നുണ്ടെങ്കിലും വാഹനത്തിരക്കും ജനത്തിരക്കും മൂലം ഓടാൻ കഴിയുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്. തിരക്കു വർദ്ധിച്ചതും പാർക്കിംഗിന് ഇടമില്ലാത്തതും കാരണം വരും ദിവസങ്ങളിൽ നഗരത്തിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ വരവ് നിയന്ത്രിക്കേണ്ടിവരും എന്നും പോലീസ് അധികൃതർ പറയുന്നു. സാധാരണ നിലയിൽ തന്നെ ദേശീയപാതയിൽ എല്ലായിടത്തും വാഹനക്കുരുക്കുണ്ടാവുന്ന ജില്ലയാണ് കോഴിക്കോട്. ഓണ വിപണി ഉണർന്നതോടെ ദേശീയപാതയിലൂടെയുള്ള സഞ്ചാരമൊക്കെ കുരുക്കിലകപ്പെട്ട നിലയിലാണ്. ജില്ലയിലെ ചെറുപട്ടണങ്ങളിലും ഇപ്പോൾ നല്ല തിരക്കാണ്. അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് ചൊല്ല്. പക്ഷേ ജില്ലയിൽ, വിശേഷിച്ച് മലയോര മേഖലയിൽ കുറേ ദിവസങ്ങളായി വൈകുന്നേരങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. പടിഞ്ഞാറൻ മേഖലകളെ അത് കാര്യമായി ബാധിച്ചിട്ടുമില്ല.
രണ്ട് വർഷത്തിന് ശേഷം ഇതാദ്യമായാണ് നമ്മുടെ കുട്ടികൾ സ്വതന്ത്രമായി സ്കൂളിലെത്തിയത്. തുടർന്നുവന്ന ഓണക്കാലം അവർ അക്ഷരാർത്ഥത്തിൽ അടിച്ചുപൊളിച്ചു. മിക്കവാറും സ്കൂളുകളിലും കോളേജുകളിലും വർണ്ണശബളമായ ആഘോഷങ്ങളുണ്ടായി. പലയിനം കലാപരിപാടികൾ, പൂക്കളമത്സരങ്ങൾ, ഓണസദ്യ എന്നിവയൊരുക്കിയായിരുന്നു ആഘോഷങ്ങൾ. പെൺകുട്ടികൾ കസവു സാരിയും ബ്ലൗസും (കേരളീയ വേഷം?) അണിഞ്ഞും ആൺകുട്ടികൾ കസവ് മുണ്ടും ഷർട്ടും ധരിച്ചുമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷത്തിനെത്തിയത്. ഓണാവധിക്ക് പിരിയുന്ന വെള്ളിയാഴ്ചയായിരുന്നു മിക്കവാറും വിദ്യാലയങ്ങളിൽ ഓണാഘോഷം. സൗഹൃദക്കൂട്ടങ്ങൾ ചില പ്രത്യേക കളർക്കോഡുകൾ നിശ്ചയിച്ചിരുന്നു. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള റാലികളും കൂടിച്ചേരലുകളും വാദ്യഘോഷങ്ങളുമൊക്കെ പോലീസ് കർശനമായി നിരോധിച്ചിരുന്നു. അപ്പോഴും ലഹരി ഉപയോഗം വിദ്യാലയങ്ങളിൽ ഭയാനകമായ തോതിൽ വർദ്ധിച്ചു വരികയാണെന്ന് ഈ ഓണാഘോഷവും സാക്ഷ്യപ്പെടുത്തി. കലാലയങ്ങളിലൊക്കെ മദ്യത്തിന്റേയും കഞ്ചാവ്,എം ഡി എം എ പോലുള്ള മാരക ലഹരിവസ്തുക്കളുടേയും ഉപയോഗം വലിയ തോതിൽ വർധിച്ചതായാണ് പോലീസ് അധികൃതരുടെ നിരീക്ഷണം. കൗമാരക്കാരായ ആൺ പെൺ സുഹൃത്തുക്കൾ ഒരുമിച്ച് മയക്കുമരുന്നുകൾ ഉപയോഗിച്ച് നൃത്തം ചെയ്യുന്നതും മറ്റും വ്യാപകമാകുന്നുണ്ട്. നില തെറ്റിയ ഇത്തരം ചില സംഘങ്ങളെ ബസ് സ്റ്റാന്റുകളിലും മറ്റും പോലീസിന് കൈകാര്യം ചെയ്യേണ്ട സ്ഥിതിയുണ്ടായി.
കേരളത്തിന്റെ ഓണ വിപണിയിലെ അഗ്രഗണ്യൻ ആര് എന്ന് ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. വിദേശ മദ്യം. ഈ വർഷവും റിക്കാർഡ് വില്പന പ്രതീക്ഷിക്കുന്ന ഒരുല്പന്നവുമാണത്.
സർക്കാർ ഓഫീസുകളിലിലെല്ലാം ഇത്തവണ ഓണാഘോഷങ്ങളുണ്ടായി. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായാണ് മിക്കവാറും ഓണാഘോഷങ്ങൾ നടന്നത്. ചുരുക്കം ചിലയിടങ്ങളിൽ ചൊവ്വാഴ്ചയും ഓണാഘോഷമൊരുക്കിയിട്ടുണ്ട്. ഓണസദ്യ, കേരളീയ വേഷഭൂഷാദികളിൽ അണിഞ്ഞൊരുങ്ങൽ എന്നിവയൊക്കെയാണ് പ്രധാനമായും നടന്നത്. ചിലയിടങ്ങളിലൊക്കെ കലാപരിപാടികളുമുണ്ടായിരുന്നു. ഇനിയുള്ള രണ്ടുനാൾ വ്യാപാര കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും വമ്പൻ പൂക്കളങ്ങളൊരുങ്ങും. നാട്ടിൻപുറങ്ങളിലെ കലാസമിതികളൊന്നും ഓണാഘോഷം സംഘടിപ്പിക്കുന്നതിനുള്ള പതിവ് ഉത്സാഹം ഇത്തവണ പ്രകടിപ്പിച്ചതായി കാണുന്നില്ല. ഒരു പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ നടക്കുമായിരിക്കും. തിരുവോണത്തിന് ശേഷമുള്ള മൂന്നാം ഓണത്തിനും നാലാമോണത്തിനുമാക്കെ ഇത്തരം പരിപാടികൾ ധാരാളമായി നടക്കുമായിരിക്കും. കമ്പവലി മത്സരമാണ് പ്രധാനമായും നടക്കുക. അമ്പെയ്ത്ത് മത്സരം ഊഞ്ഞാലാട്ടം കാർഷിക മത്സരങ്ങൾ സിനിമാറ്റിക് സാൻസ് എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുക.
കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണനമേളകളും അവരുടെ കലാപരിപാടികളുമാണ് ശ്രദ്ധേയമായ മറ്റൊരു ഓണാഘോഷ പരിപാടി. ജില്ലയിലെ മിക്കവാറും പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളും ഇത്തരം വിപണനമേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ ഉല്പന്നങ്ങളാണ് ഇവയുടെ മുഖ്യമായ ആകർഷണം. ഈർക്കിൽ ചൂലുകൾ, കവുങ്ങിൻ പട്ടച്ചൂലുകൾ, ചവിട്ടികൾ, പാളത്തൊപ്പികൾ, പ്ലേറ്റുകൾ, ചിരട്ട കയ്യിലുകൾ, വീട്ടിൽ തയ്ച്ചുണ്ടാകുന്ന വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ കത്തികളും കാർഷിക ഉപകരണങ്ങളും, വിവിധ തരം മസ്സാലക്കൂട്ടുകൾ, പൊടികൾ, പ്രസവരക്ഷാമരുന്നുകൾ, നാടൻ സൗന്ദര്യ വർദ്ധകവസ്തുക്കൾ, നാടൻ അച്ചാറുകൾ, പലതരം അപ്പങ്ങൾ, അരിയുണ്ടകൾ, തുടങ്ങി ധാരാളം നാടൻ വിഭവങ്ങൾ ഈ വിപണികളിൽ നിന്ന് ലഭിക്കുന്നു. “കള്ളവുമില്ലാ ചതിയുമില്ല; എള്ളോളമില്ലാ പൊളിവചനം” എന്നാണ് ഓണത്തിന്റെ മുദ്രാവാക്യമെങ്കിലും കടുത്ത ചതിയും വഞ്ചനയുമാണ് ഇപ്പോൾ ഈ മേളകളിൽ നടക്കുന്നത് എന്ന് പറയാതെ വയ്യ. കോയമ്പത്തൂരിൽ നിന്നും മറ്റും കൊണ്ടുവരുന്ന നിലവാരമില്ലാത്ത ഉല്പന്നങ്ങളാണ് കുടുംബശ്രീയുടെ ലേബലിൽ ഇവിടെ കച്ചവടക്കാർ വിൽക്കുന്നത്. പ്രാദേശിക ജനപ്രതിനിധികളും കച്ചവടക്കാരും ചേർന്ന് നടത്തുന്ന സാമ്പത്തിക തട്ടിപ്പും വഞ്ചനയും ഇതിനു പിന്നിലുണ്ട് എന്നത് വസ്തുതയാണ്. ഈ മേളകളോടനുബന്ധിച്ച് വമ്പൻ കലാമേളകളും നടന്നിരുന്നു. കോഴിക്കോട് ഡി ടി പി സി യുടെ മുൻകയ്യിൽ ഇത്തവണയും കോഴികോട്ട് കലാമേള പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ‘നമ്പറിടാതെ പത്തായം അഴിച്ച’ പരുവത്തിലാണ് സംഘാടകർ. എവിടെ എന്ത് എന്ന് നടക്കും എന്ന് പോലും അവർക്ക് പറയാൻ കഴിയുന്നില്ല. ഒരു ബ്രോഷർ പോലും അവസാന ദിവസങ്ങളായിട്ടും ഇറങ്ങിയിട്ടില്ല. അഖിലേന്ത്യാ പ്രശസ്തരായവരുടെ നൃത്ത പരിപാടി, ഗസൽ, നാടകങ്ങൾ, ജുഗൽബന്തി, തുടങ്ങി എണ്ണം പറഞ്ഞ കലാപരിപാടികൾ നടന്ന കൊയിലാണ്ടിയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഒന്നും നടക്കാറില്ല. എന്നാൽ ചില അയൽക്കൂട്ടങ്ങളും മറ്റും സ്വന്തം നിലയിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സുന്ദരിക്ക് പൊട്ടു കുത്തൽ, നാരങ്ങാ സ്പൂൺ, കസേരകളി, സൂചിയിൽ നൂല് കോർക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, കണ്ണ് കെട്ടികലം ഉടക്കൽ, നിധിവേട്ട, കവുങ്ങിൽ കയറി പഴക്കുല സ്വന്തമാക്കൽ തുടങ്ങി അങ്ങേയറ്റം രസകരവും സുന്ദരവുമായ കലാപരിപാടികളാണ് ഇവർ സംഘടിപ്പിക്കുന്നത്. ജാതിമത പരിഗണനകളില്ലാതെ ഒരു അയൽക്കൂട്ടത്തിലെ ഓരോ അംഗവും ഒരു വിഭവം വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന് ഓണസദ്യ ഒരുക്കും. ഒന്നിച്ചിരുന്ന് കഴിക്കും. ഇതൊക്കെ അങ്ങേയറ്റം ശ്ലാഘനീയമായ ഓണാഘോഷമാണ്.
വിനോദ യാത്രയും തീർത്ഥയാത്രയുമാണ് ഇത്തവണത്തെ ഓണക്കാലത്തെ മറ്റൊരു പ്രധാന പരിപാടി. എല്ലാ നാട്ടിൽപുറങ്ങളിലും സൗഹൃദസംഘങ്ങളും ക്ഷേത്രക്കമ്മറ്റികളുമൊക്കെ ഇത്തരം ധാരാളം യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരേയുള്ള ഇടങ്ങളിലേക്ക് ധാരാളം യാത്രകളുണ്ട്. ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥയാത്രകളും പല അമ്പലക്കമ്മറ്റികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുബസമേതമാണ് മിക്കവാറും ഇത്തരം യാത്രകൾ. ചുരുക്കത്തിൽ കേരളത്തിന്റെ ഇത്തവണത്തെ ഓണാഘോഷം അവിസ്മരണിയമാകും എന്ന് പ്രതീക്ഷിക്കാം. ജാതി മത പരിഗണനകൾക്കതീതമായി മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും കരുത്തുറ്റ പൊതുആഘോഷം തന്നെയാണ് മലയാളികൾക്ക് ഇത്തവണത്തെ ഓണം.
എല്ലാ വായനക്കാർക്കും കലിക്കറ്റ് പോസ്റ്റിന്റെ ഓണാശംസകൾ.