കോവിഡ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍, ലോകത്തെ പകുതി മനുഷ്യരെയും കൊണ്ടുപോകുന്ന മഹാമാരി വരും

ന്യൂയോര്‍ക്ക്:  നിലവില്‍ ലോകം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍ ആണെന്ന് ഗവേഷകര്‍. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണെന്നാണ് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.

 

നിലവില്‍ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 കാറ്റഗറി രണ്ട് അല്ലെങ്കില്‍ മൂന്ന് ഗണത്തില്‍ പെടുത്താവുന്ന മഹാമാരിയാണ്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ ഇനി വരുന്നത് കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്നതാകും. രോഗം ബാധിച്ച രണ്ടു പേരില്‍ ഒരാള്‍ ഉറപ്പായും മരിച്ചിരിക്കും.

 

ഇന്ന് പ്രബലമായ പല നാഗരികതകളും അപ്രത്യക്ഷമാകും. 800 കോടിവരുന്ന ലോകജനതയെ ആകെ ബാധിക്കുന്ന ആ മഹാമാരി കോവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയാകുമെന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ‘  എന്ന പുസ്തകത്തില്‍ പറയുന്നു.

 

മൃഗങ്ങളുമായുള്ള മനുഷ്യന്റെ അക്രമാസക്തമായ ഇടപഴകലാണ് രോഗങ്ങള്‍ക്ക് ഹേതുവായിത്തീരുക. മൃഗങ്ങളെ പരിപാലിക്കുന്നത്, അവയെ കൊന്നു തിന്നുന്നത് ഇവയൊക്കെ മൂലം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യനെ ദുര്‍ബലമാക്കുന്നു- അദ്ദേഹം പറയുന്നു.

 

ക്ഷയരോഗത്തിന് കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകങ്ങളില്‍നിന്നും കുഷ്ഠരോഗം പോത്തുകളില്‍നിന്നുമാണ് മനുഷ്യരിലേക്ക് എത്തിയത്. അതേപോലെ വില്ലന്‍ ചുമയ്ക്ക്‌ കാരണം പന്നികളില്‍നിന്ന് മനുഷ്യനിലേക്ക് കടന്നുകയറിയ ബാക്ടീരിയ ആണ്. ടൈഫോയിഡ് കോഴികളില്‍നിന്നും ജലദോഷത്തിന് കാരണമായ വൈറസ് കന്നുകാലികള്‍, കുതിരകള്‍ എന്നിവയില്‍നിന്നുമാണ്‌ മനുഷ്യനിലേക്കെത്തിയത്.

 

ഇവയില്‍ പലതും മനുഷ്യനിലേക്ക് നേരിട്ട് പകര്‍ന്നവയല്ല. കോവിഡിനെപ്പോലെ മനുഷ്യനും രോഗ വാഹകരായ ജന്തുക്കള്‍ക്കുമിടയില്‍ പാലമായി ചില ജന്തുവര്‍ഗങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

കോവിഡ് ഇത്രയധികം വ്യാപിച്ചതില്‍ ആഗോളവത്കരണത്തിന് പങ്കുണ്ട്. ലോക മുഴുവന്‍ സഞ്ചരിക്കാന്‍ വൈറസിന് അത് വഴിയൊരുക്കി കൊടുത്തു.  വൈറസിന് ലോകം മുഴവന്‍ വലിയ വ്യാപനം ഉണ്ടായാല്‍ മനുഷ്യകുലം നില നിര്‍ത്താന്‍ കോടിക്കണക്കിന് ഡോളറുകളും ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളും ചിലവാക്കേണ്ടി വരുമെന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.

 

അടുത്ത വൈറസ് വ്യാപനം കോഴികളില്‍നിന്നാകാം ഉണ്ടാവുകയെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍നിന്ന് വൈറസ് ബാധയുണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.

 

 കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളില്‍നിന്നാണ് ഇന്റഫളുവെന്‍സ വൈറസ് പടര്‍ന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായിരുന്നു അതെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 1918-20 വര്‍ഷങ്ങളില്‍ പടര്‍ന്ന ഈ വൈറസ് ബാധയില്‍ 50 കോടി ആളുകളാണ് മരിച്ചത്. അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ക്കും വൈറസ് ബാധിച്ചു.

 

20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  ഇത് പുതിയൊരു വൈറസിലേക്കുള്ള പരിവര്‍ത്തന ശ്രമങ്ങളാണെന്നും ഗ്രെഗര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

 

സസ്യാഹാരത്തിന്റെ വക്താക്കളിലൊരാളാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍. സാംക്രമികരോഗങ്ങളെപ്പറ്റി ഒട്ടേറെ ഗവേഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുമുണ്ട്. ഇനിയൊരു മഹാമാരിയുണ്ടാകാതിരിക്കാന്‍ മനുഷ്യര്‍ ശീലങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
Comments

COMMENTS

error: Content is protected !!