Uncategorized

ആലപ്പുഴ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്നുപേരെ കാണാതായി

ആലപ്പുഴ: ആലപ്പുഴ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേരെ കാണാതായി. പ്ലസ്ടു വിദ്യാർഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് തുടങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. രാവിലെ എട്ടരയോടെ വലിയപെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. പളളിയോടത്തിലേക്ക് കുട്ടികള്‍ ചാടിക്കയറിയതായി പ്രദേശവാസികള്‍ പറയുന്നു.

വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

പള്ളിയോടത്തിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. കേറുന്നവരുടെ കൂട്ടത്തിൽ ഉള്ളയാളായിരുന്നു ആദിത്യൻ. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ക്രമാതീതമായ അടിയൊഴുക്കായിരിക്കാം വള്ളം മറിയാനുള്ള കാരണമെന്നാണ് നിഗമനം.

വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അച്ഛന്‍കോവിലാറ്റില്‍ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button