അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു
അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനെതിരായ നാല് മരുന്നുകളാണ് പട്ടികയിൽ ഉള്ളത്. പുതുക്കിയ പട്ടികയിൽ 384 മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻപ് പട്ടികയിൽ ഉണ്ടായിരുന്ന 43 ഇനം മരുന്നുകൾ ഒഴിവാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ കോവിഡ് മരുന്നുകൾ പട്ടികയിൽ ഇല്ല.
കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.
സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇതു നീണ്ടുപോവുകയായിരുന്നു.