DISTRICT NEWS

കോഴിക്കോട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിനു കീഴിലെ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1,59,390 രൂപ പിടികൂടി

കോഴിക്കോട്: കോഴിക്കോട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിനു കീഴിലെ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1,59,390 രൂപ പിടികൂടി.

മോട്ടോര്‍ വാഹന വകുപ്പിന് കീഴി​ലെ എന്‍ഫോഴ്സ്​മെന്റ് വിഭാഗത്തിലും ഡ്രൈവിങ് ടെസ്റ്റ്, വാഹനരേഖ പുതുക്കല്‍ ഉള്‍പ്പെടെ സേവനം നടത്തുന്ന വിഭാഗത്തിലും വന്‍ അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ട്രാന്‍സ്​പോര്‍ട്ട് കമീഷണറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ചേവായൂര്‍ ആര്‍.ടി.ഒ ​മൈതാനത്തിന് മുന്‍വശത്തെ ആര്‍.എം ബില്‍ഡിങ്ങില്‍ ഓട്ടോ കണ്‍സല്‍ട്ടന്റ് റിബിന്‍ നടത്തുന്ന കടയിലായിരുന്നു പരിശോധന​. പണത്തിന് പുറമെ, ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച്‌ ഇടപാട് നടത്തുന്നതിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു.

വാഹന വകുപ്പ് ഓഫിസില്‍ സൂക്ഷിക്കേണ്ട, ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും പിടികൂടിയിട്ടുണ്ട്. ഇടപാടുകാരില്‍നിന്ന് നേരിട്ട് പണം വാങ്ങാതെ ഏജന്റുമാര്‍ മുഖേനയാണ് ഇടപാടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇടപാടുകാര്‍ നേരിട്ടുനല്‍കുന്ന അപേക്ഷകള്‍ നിരസിക്കുകയും ഏജന്റ് മുഖേന അനുവദിക്കുകയും ചെയ്യുന്നതിന്റെ തെളിവുകളും ലഭിച്ചു.

റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ സേവനങ്ങളെല്ലാം കടയില്‍നിന്ന് ലഭിക്കുന്നതായി കണ്ടെത്തി. വാഹനരേഖ പുതുക്കല്‍ സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് വിഭാഗം ലോറികള്‍ പരിശോധിച്ച്‌ ഇടനിലക്കാര്‍ മുഖേന പിരിവ് നടത്തുന്നതായും ​ട്രാന്‍സ്​പോര്‍ട്ട് കമീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു.

കോഴിക്കോട് ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാഹന പരിശോധനയുടെ പേരില്‍ ഏജന്റിനെ നിയോഗിച്ച്‌ പിരിവ് നടത്തുന്നതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈ.എസ്.പിമാരായ ശ്രീകുമാര്‍, ര​മേഷ്, ഇന്‍സ്‍പെക്ടര്‍മാരായ സജീവന്‍, പ്രമോദ്, എസ്.എസ്.ബി അംഗങ്ങളായ മാത്യു, വിഷ്ണു എന്നിവരടക്കം 15ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പ​​ങ്കെടുത്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button