KOYILANDILOCAL NEWS

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് കൃഷി: എം വി ശ്രേയാംസ് കുമാർ

ഇരിങ്ങത്ത് വനിതാ സഹകരണ സംഘം സംഘടിപ്പിച്ച കാർഷിക സെമിനാറിന്റെ സമാപന സമ്മേളനം ശ്രേയാംസ് കുമാർ  ഉദ്ഘാടനം ചെയ്തു. 

നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാന ഘടകം കൃഷി തന്നെയാണെന്ന് മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് ഡയരക്ടറുമായ എം വി ശ്രേയാംസ് കുമാർ പറഞ്ഞു. കൃഷി എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമാണ് അത് എല്ലാ അർത്ഥത്തിലും പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് എല്ലാ ജീവജാലങ്ങൾക്കും ഇവിടെ വസിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രകൃതി ചൂഷണം ഇതിനെയെല്ലാം താളം തെറ്റിക്കുന്നത് ഭീതിയോടെ നാം കാണേണ്ടതുണ്ട്. ഭൂഗർഭജലത്തിന്റെ അളവ് ഭയാനകമായി കുറയുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. പഴയ കാലത്ത് മഴ പെയ്യുന്നതിനനുസരിച്ച് കൃഷി ഒരുക്കാൻ കർഷകർക്ക് സാധിക്കുമായിരുന്നു. പുതിയ കാലത്ത് ഇതിനൊക്കെ മാറ്റം വന്നത് കർഷകർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇരിങ്ങത്ത് വനിതാ സഹകരണ സംഘം സംഘടിപ്പിച്ച കാർഷിക സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട് വലിയ പ്രതിസന്ധികളെ നേരിട്ടപ്പോൾ സഹകരണ സംഘങ്ങൾ ജനപക്ഷത്ത് നിന്ന് ചെയ്ത സഹായങ്ങൾ മികച്ചതായിരുന്നു. കൃഷി മെച്ചപ്പെടുത്തുവാൻ വനിതാ സഹകരണ സംഘം മുന്നോട്ട് വന്നത് അഭിനന്ദനാർഹമാണെന്നും കർഷകരിൽ നിന്ന് നാളീകേരം സംഭരിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹകരണ സംഘങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സംഘം പ്രസിഡന്റ് ശ്യാമ ഓടയിൽ അദ്ധ്യക്ഷയായി. ടി കെ സുനിൽ, സി കെ നാരായണൻ, കോവുമ്മൽ മുഹമ്മദലി, വള്ളിൽ പ്രഭാകരൻ, നാഗത്ത് നാരായണൻ തുടങ്ങിയവർ സംസാരിച്ചു. അനിത ചാമക്കാലയിൽ സ്വാഗതവും എം സി ജിജില നന്ദിയും പറഞ്ഞു. മികച്ച കർഷകർക്കുള്ള ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. സഹകരണസംഘം യൂനിറ്റ് ഇൻസ്പെക്ടർ കെ വി മനോജ് കുമാർ , ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, വി പി ബിജു, മൊയ്തീൻ പെരിങ്ങാട്ട്, എം ഗംഗാധരൻ വിവിധ പാടശേഖ സമിതി പ്രതിനിധികളായ കമ്മന ഇസ്മയിൽ, മാടോത്താഴ ഷീബ, അനീഷ് മാടായി, കെ വി വിനീതൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ജാനുവേടത്തിയും കേളപ്പേട്ടനും ഹാസ്യ വിരുന്നും അരങ്ങേറി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button