തണൽ സ്പെയ്സ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരുടെ നാടകം ‘നിഴൽ’ സെപ്റ്റംബർ 25ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ സഹകരണത്തോടെ
നടത്തുന്ന തണൽ സ്പെയ്സ് ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരുടെ നാടകം ‘നിഴൽ’ സെപ്റ്റംബർ 25ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.
18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിന് ഉതകും വിധം ശാസ്ത്രീയവും സുസ്ഥിരവുമായ തൊഴിൽ പരിശീലന പദ്ധതികൾ ആവിഷ്കരിച്ച് സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിൽ തണലിനു കീഴിൽ ആരംഭിച്ച സ്ഥാപനമാണ് സ്പേസ് സെൻ്റർ ഫോർ സ്‌കിൽ ഡെവലപ്പ്മെൻ്റ് & എംപ്ലോയബിലിറ്റി.
ഒരുകൂട്ടം രക്ഷിതാക്കളുടെ പരിശ്രമത്തിന്റെ ഫലമായി കാപ്പാട് ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 35 ഓളം ഭിന്നശേഷിക്കാർക്കും കുടുംബത്തിനും ആശ്രയമാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആറോളം പേരെ തൊഴിലിനു പാകപ്പെടുത്താനും അവരെ വിവിധ തൊഴിൽ മേഖലകളിൽ എത്തിക്കാനും സ്പേസിന് സാധിച്ചിട്ടുണ്ട്. കലാ സാസ്കാരിക സാമൂഹിക തൊഴിൽ മേഖകളിൽ അവസരങ്ങൾ നൽകി ഇവരെ ചേർത്തുപിടിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് സ്പേസ് ചെയ്തു കൊണ്ടിരിക്കുന്നത്.
തണൽ സ്പേസിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന നാടകമാണ് നിഴൽ. ഒരേസമയത്ത് ഭൂമിയിൽ പിറവിയെടുത്ത രണ്ടു കുഞ്ഞുങ്ങൾ. ഒരാൾ ഭിന്നശേഷി വിഭാഗത്തിലും മറ്റേയാൾ സാധാരണ സമൂഹത്തിലേക്കും ജനിച്ചുവീണു. ഇതിൽ നിന്നും ഉടലെടുത്തതാണ് ‘നിഴൽ’ എന്ന നാടകം. 18 വയസ്സിന് മുകളിലുള്ള നാല്പതോളം ഭിന്നശേഷിയിൽ പെട്ട ആളുകളാണ് ഇതിൽ അഭിനയിക്കുന്നത്.
‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 10 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ സഹകരണത്തോടുകൂടിയാണ് നിഴൽ എന്ന നാടകം കൊയിലാണ്ടി ടൗൺഹാളിൽ അരങ്ങേറുന്നത്.