1974ൽ തിരുവങ്ങൂർ സ്കൂളിൽ നിന്നും 10-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഹപാഠികൾ ഒത്തുകൂടി

കൊയിലാണ്ടി: മൺമറഞ്ഞു പോയ സഹപാഠികളുടെയും അധ്യാപകരുടെയും ഓർമ്മകൾക്ക് മുന്നിൽ നിലവിളക്ക് തെളിയിച്ച് പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു കൊണ്ട് അവർ “ഒരുവട്ടം കൂടി” ഒത്തുകൂടി. 1974ൽ തിരുവങ്ങൂർ സ്കൂളിൽ നിന്നും 10-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഹപാഠികളുടെ ഒത്തുചേരലായിരുന്നു ലോക തൊഴിലാളി ദിനത്തിൽ തിരുവങ്ങൂരിൽ നടന്നത്.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഇവരുടെ കൂട്ടായ്മ ഇതിനകം തന്നെ ഒട്ടേറെ പേർക്ക് സഹായഹസ്തവുമായി മുന്നിൽ നിന്നിട്ടുണ്ട്. കക്കുടുമ്പിൽ ദാമോദരൻ നഗറിൽ നടന്ന ഒത്തുചേരലിന് കമ്മിറ്റി ചെയർമാൻ ടി.ടി.സ്വാമിക്കുട്ടി നേതൃത്വം നൽകി. പരിപാടിയിൽ “കരാത്തെ ഒരു സമഗ്ര പഠനം” എന്ന പുസ്തക രചയിതാവായ ഡോക്ടർ പി.പി. ജനാർദ്ദനനെ സഹപാഠികൾ പുരസ്ക്കാരം സമർപ്പിച്ച് അനുമോദിച്ചു. ടി.രവീന്ദ്രൻ, എം.കെ.ആനന്ദൻ, ഒ.മോഹനൻ എന്നിവർ സംസാരിച്ചു.

മൺമറഞ്ഞ് പോയ സഹപാഠികളുടെ ബന്ധുക്കൾ അടക്കം പങ്കെടുത്ത ഒത്തുകൂടലിൽ 42-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!