ബീച്ച് ആശുപത്രിയില്‍ പേവിഷ ബാധ പ്രതിരോധ ക്ലിനിക്ക് ആരംഭിച്ചു
ഗവ.ജനറല്‍ ആശുപത്രിയില്‍ (ബീച്ച് ആശുപത്രി) പേവിഷ ബാധ പ്രതിരോധ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഉമ്മര്‍ ഫാറൂഖ്.വി നിര്‍വ്വഹിച്ചു. പേവിഷ ബാധ ഉണ്ടാക്കുന്ന മൃഗങ്ങളുടെ കടി ഏറ്റവര്‍ക്കായി പ്രത്യേക പരിചരണവും ചികിത്സയും നല്‍കുക, സമൂഹത്തില്‍ പേവിഷ ബാധക്കെതിരെ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രതിരോധ ക്ലിനിക്കിന്റെ ലക്ഷ്യങ്ങള്‍. ഇതിനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ക്ലിനിക്കില്‍ ലഭ്യമാക്കും.
മൃഗങ്ങളുടെ കടിയേറ്റ മുറിവുകള്‍ കഴുകുന്നതിനുള്ള സംവിധാനം, വാക്‌സിന്റെയും, ആന്റി റാബീസ് സിറത്തിന്റെയും ലഭ്യത, വിദഗ്ധ സേവനം വേണ്ടവര്‍ക്കായി റഫറല്‍ സംവിധാനം എന്നിവയാണ് ക്ലിനിക്കില്‍ ലഭിക്കുക. ദേശീയ ആരോഗ്യ ദൗത്യം മുഖേനയാണ് ക്ലിനിക്ക് സജ്ജമാക്കിയിട്ടുള്ളത്.
ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ (ഇന്‍ ചാര്‍ജ്ജ്) ഡോ.ഷാജി.സി.കെ, ഗവ.ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു, ആര്‍.എം.ഒ ഡോ.ശ്രീജിത്ത്, ഡോ.മുനവര്‍ റഹ്മാന്‍, ലേ സെക്രട്ടറി അഗസ്റ്റിന്‍.എ.വി, സ്റ്റോര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍, മേരി തോമസ്, ഹഫ്‌സബി, പി.ആര്‍.ഒ സോയൂസ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.