തദ്ദേശ സ്ഥാപനങ്ങളിലെ ക്രമക്കേട് അവസാനിപ്പിക്കാൻ കെ-സ്മാർട്ട് എന്ന പേരിൽ പുതിയ സോഫ്ട് വെയർ തയ്യാറാക്കുന്നു
കോർപ്പറേഷൻ മുതൽ ഗ്രാമപഞ്ചായത്തുവരെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സോഫ്ട് വെയറിലെ അപാകതകൾ മുതലെടുത്ത് കെട്ടിടങ്ങൾക്കും മറ്റും പെർമിറ്റ് നൽകുന്നതിലടക്കമുള്ള ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ ഏകീകൃത സംവിധാനം നിലവിൽ വരുന്നു. കെ-സ്മാർട്ട് എന്ന പേരിൽ ഇൻഫർമേഷൻ കേരള മിഷനാണ് (ഐ കെ എം) സോഫ്ട് വെയർ തയ്യാറാക്കുന്നത്. ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിത്തുടങ്ങും.
ഈ സോഫ്റ്റ് വെയർ വെബ്പോർട്ടലിന് പുറമേ മൊബൈൽ ആപ്ലിക്കേഷനായും ഉപയോഗിക്കാം. ഫയൽ ട്രാക്കിംഗ്, ട്രേഡ് ലൈസൻസ്, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് ജനുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുക. ആഗസ്റ്റോടെ സോഫ്ട് വെയർ പൂർണ സജ്ജമാകും.
ഉദ്യോഗസ്ഥന്റെ അറിവില്ലാതെ അവരുടെ കമ്പ്യൂട്ടർ വഴി കെട്ടിട നമ്പരും ഒക്യുപെൻസിയും നൽകുന്ന സംഭവങ്ങൾ പതിവായതോടെ മന്ത്രിയായിരുന്ന എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് ഐ കെ എം പുതിയ സോഫ്ട് വെയർ വികസിപ്പിക്കുന്നത്.
യാതൊരു കാരണവശാലും മറ്റാർക്കും ചോർത്താൻ കഴിയാത്ത കണ്ണിലെ റെറ്റിനയാണ് കമ്പ്യൂട്ടറിന്റെ പാസ് വേഡായി ഉപയോഗിക്കുന്നത്. തുടർന്ന് കമ്പ്യൂട്ടർ പ്രവർത്തിക്കണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിൽ ലഭിക്കുന്ന ഒ ടി പി നൽകുകയും വേണം. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ന്യൂതന സങ്കേതങ്ങളുടെ സഹായത്തോടെയാണ് സോഫ്ട് വെയർ തയ്യാറാക്കുന്നത്.