ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ശ്രീറാമിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ശ്രീറാമിന്റെ ലൈസൻസ് ഇന്ന് തന്നെ സസ്‌പെൻഡ് ചെയ്യുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. ഗതാഗതവകുപ്പ് നടപടിയെടുക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇരുവരും മറുപടി നൽകിയില്ല. അമിത വേഗത്തിനും, കാറിന്റെ ഗ്ലാസ് കറുത്ത പേപ്പർ ഒട്ടിച്ചതിനും വഫക്ക് നോട്ടീസ് നൽകിയിരുന്നു. അമിത വേഗത്തിന് വഫ പിഴയടച്ചിരുന്നു. വഫക്ക് വീണ്ടും നോട്ടീസ് നൽകാനാണ് വകുപ്പ് തീരുമാനം. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസൻസിന്മേൽ നടപടിയെടുക്കാൻ വൈകിയതിൽ മോട്ടോർ വാഹന വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വിമർശനത്തെ തുടർന്നാണ് ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയത്.
കേസ് ദുർബലപ്പെടുത്താൻ പോലീസ് ശ്രമിച്ചത് പോലെ മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കാതെ ഒത്തുകളിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. അപകടം നടന്നുവെന്ന് വ്യക്തമായപ്പോൾ തന്നെ ഇരുവരുടെയും ലൈസൻസിന്മേൽ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നെങ്കിലും 15 ദിവസങ്ങൾക്ക് ശേഷവും നടപടിയുണ്ടായില്ല. നടപടിയെടുക്കാത്തതിന് കാരണമായി മോട്ടോർ വാഹനവകുപ്പ് വിചിത്രവാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
നോട്ടീസ് നൽകാനായി വഫ ഫിർറോസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നുമാണ് വകുപ്പ് നൽകുന്ന വിശദീകരണം. ഈ മാസം മൂന്നിന് ആശുപത്രിയിൽ വെച്ചാണ് ശ്രീറാം ആദ്യം നോട്ടീസ് കൈപ്പറ്റിയത്. തുടർച്ചയായ നിയമലംഘനങ്ങൾ ഉണ്ടായാൽ മാത്രമേ ലൈസൻസ് റദ്ദാക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യാൻ സാധിക്കൂ എന്നും വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വഫ വാടകക്ക് താമസിക്കുന്ന വീട്ടിൽ ചെന്നെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ശ്രീറാമിന് നോട്ടീസ് നൽകിയപ്പോൾ അത് വാങ്ങിയത് പേഴ്‌സണൽ സ്റ്റാഫ് എന്ന മറ്റൊരു വ്യക്തിയാണ്. നോട്ടീസ് കൈപ്പറ്റിയ ശേഷം ഇതുവരെ അതിന് മറുപടി ലഭിച്ചിട്ടില്ല. നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ വീണ്ടും നോട്ടീസയക്കും. എന്നാൽ, രണ്ടു പേരുടെയും വിശദീകരണം ലഭിക്കണമെന്നത് നിർബന്ധമാണ്.
മൂന്ന് ദിവസം മുൻപ് മാത്രമാണ് അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് പൊലീസിന് നിർദേശം നൽകിയത്. വാഹനം പരിശോധിച്ച റിപ്പോർട്ടും ശ്രീറാമിന്റെ മറുപടിയും ചേർത്ത് ശ്രീറാം ലൈസൻസ് സ്വന്തമാക്കിയ മട്ടാഞ്ചേരി ജോയിന്റ് ആർടിഒക്ക് നൽകും. അവിടെ നിന്നാണ് ശ്രീറാമിന്റെ ലൈസൻസ് റദ്ദ് ചെയ്യേണ്ടത്. എന്നാൽ, അപകടം നടന്ന സ്ഥലമായ തിരുവനന്തപുരത്ത് തന്നെയാണ് ലൈസൻസ് റദ്ദ് ചെയ്യണ്ടതെന്നാണ് മട്ടാഞ്ചേരി ആർടിഒ നൽകുന്ന വിശദീകരണം.
Comments

COMMENTS

error: Content is protected !!