CRIME

സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു

സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ പോലീസ് ഏഴുപേരെ അറസ്റ്റുചെയ്തു. വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38), കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ വി. ജംഷീദ് (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം എന്‍ മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി കെ ഷഫീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

ആദ്യ നാലുപ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടില്‍നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഇനിയും ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ അഞ്ചാം തീയതി പുലര്‍ച്ചെ 3.45-നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായത്. 1.40 കോടി രൂപ കവര്‍ന്നെന്നാണ് ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതി. തോല്‌പെട്ടി ചെക്ക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി- തെറ്റ്റോഡ് കവലയിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു.

കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസില്‍ പരാതി ലഭിച്ചത്. ഉടന്‍തന്നെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച്  സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ 18 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)റിമാന്‍ഡ് ചെയ്തു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button