Uncategorized

ബൈജൂസിന്റെ തിരുവനന്തപുരം ഡെവലപ്പ്‌മെന്റ് സെന്റര്‍ ബെംഗളൂരുവിലേക്ക് മാറ്റില്ല

പ്രമുഖ ലേണിംഗ് ആപ്ലിക്കേഷൻ കമ്പനിയായ ബൈജൂസിന്റെ തിരുവനന്തപുരം ഡെവലപ്പ്‌മെന്റ് സെന്റര്‍ ബെംഗളൂരുവിലേക്ക് മാറ്റില്ല.  ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ ഇവിടതന്നെ തുടരാന്‍ തീരുമാനമായത്.

സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരെ ബെംഗളൂരു ഓഫീസിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം കുറച്ചുപേരെ കമ്പനി പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു. മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഓഫീസ് മാറ്റാന്‍ ലക്ഷ്യമിട്ടതെന്നും, മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സെന്റര്‍ തുടരാന്‍ തീരുമാനമായതോടെ 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാന്‍ കഴിയുമെന്നും ബൈജൂസ് അറിയിച്ചു.

കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം തന്റെ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ‘എന്റെ വേരുകള്‍ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായി’  ബൈജു പറഞ്ഞു. കേരളത്തില്‍ നിലവില്‍ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും കമ്പനി അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button