ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ ഒരു നാട് ഒരുമിക്കുന്നു
മേപ്പയ്യൂർ: സമൂഹ ശരീരത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ കൊഴുക്കല്ലൂർ ദേശം ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒരുമിക്കുന്നു.
മൂന്നര പതിറ്റാണ്ട് കാലമായി കൊഴുക്കല്ലൂർ ദേശത്തെ സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന സമന്വയ കൊഴുക്കല്ലൂരിൻ്റെ നേതൃത്വത്തിലാണ് നവംബർ 6 ന് ലഹരിക്കെതിരായ മനുഷ്യചങ്ങല തീർക്കുന്നത്.
നവംബർ 6 വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് താഴ ട്രാൻസ്ഫോർമർ മുക്ക് റോഡിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്യും. ട്രാൻസ്ഫോർമർ മുക്ക് മുതൽ തിരുമംഗലത്തു താഴ വരെ നീണ്ടു നിൽക്കുന്ന മനുഷ്യചങ്ങലയിൽ ആയിരങ്ങൾ പങ്കാളികളാവും.ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, കുടുംബശ്രീ കൾ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സമന്വയ വനിതാ വേദി സെക്രട്ടറിയുമായ പി കെ റീന, സമന്വയ സെക്രട്ടറി കെ.ടി.ദിനേശൻ, മുൻ
എം.എസ്.നമ്പൂതിരി ഗ്രന്ഥശാല സെക്രട്ടറി പി രമേശ് ബാബു, സമന്വയ സ്വാന്തന വേദി പ്രസിഡൻ്റ് സി.കെ.ശ്രീധരൻ മാസ്റ്റർ, വയോജനവേദി ഭാരവാഹി ടി.പി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.