KERALAMAIN HEADLINES

സാമ്പത്തിക സംവരണം സുപ്രീംകോടതി ശരിവെച്ചു

സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി.

അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് സംവരണത്തെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്.

സാമ്പത്തിക സംവരണം ഭരണഘടനാപരമാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന മുന്നോക്ക സമുദായ മുന്നണി ഉൾപ്പെടെ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.

 

 

സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button