കൊറോണ വൈറസ്‌ : ഭീതിവേണ്ട ; കൊച്ചിയിലും തൃശൂരിലും തലസ്ഥാനത്തും നിരീക്ഷണം; ഐസൊലേഷൻ വാർഡുകൾ റെഡി

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്‌ ഒരാൾ നിരീക്ഷണത്തിൽ.ചെമ്പഴന്തി സ്വദേശിയായ യുവതിയാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ളത്‌.  ഇവരുടെ സ്രവം വിദഗ്‌ധ പരിശോധനയ്ക്കായി പുണെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചു.ചൈനയിൽ മെഡിക്കൽ വിദ്യാർഥിയായ യുവതി 11നാണ്‌ നാട്ടിൽ എത്തിയത്‌.

കൊച്ചി
കൊറോണ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിനെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.അടുത്തിടെ ചൈനയിൽനിന്ന്‌ മടങ്ങിയെത്തിയ വെങ്ങോല സ്വദേശിയായ യുവാവാണ്‌ നിരീക്ഷണത്തിലുള്ളത്‌

തൃശൂർ
തൃശൂർ ജില്ലയിലെത്തിയ ഏഴുപേർ  നിരീക്ഷണത്തിൽ. ഒരാളെ പനിയെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശു-പത്രി-യിൽ- പ്രവേശിപ്പിച്ചു.  ഐസൊലേഷൻ വാർഡിലാണുള്ളത്‌. ബാക്കിയുള്ളവർ വീടുകളിൽ

മുംബൈ
ചൈനയിൽനിന്ന്‌ മടങ്ങിയ രണ്ടുപേർ മുംബൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ. കസ്‌തൂർബ ആശുപത്രിയിലെ  പ്രത്യേക വാർഡിലാണുള്ളത്‌ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ ഇറങ്ങിയ 12,000ലേറെ യാത്രക്കാരെ പരിശോധിച്ചു

 

ഐസൊലേഷൻ വാർഡുകൾ റെഡി
തിരുവനന്തപുരം
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനവും അതിജാഗ്രയിൽ. പ്രതിരോധം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് മാർഗനിർദേശവും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി. ആശുപത്രികൾ കർശനമായി ഇവ പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശെശലജ നിർദേശിച്ചു. മെഡിക്കൽ കോളേജുകളിലും ജനറൽ, ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും. എല്ലാ ആശുപത്രികളിലും അണുനശീകരണം ഊർജിതമാക്കും.  രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയക്കും.

 

ലക്ഷണം
മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്കുമാണ്‌ വൈറസ്‌ പകരുന്നത്‌. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാനലക്ഷണം. വയറിളക്കവും വരാം.

 

ചികിത്സ
ഈ രോഗത്തിന്‌ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല.  ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സിക്കണം. ചികിത്സിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

 

ജാഗ്രത
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ഹെൽത്ത് ഓഫീസർമാർ സ്‌ക്രീൻ ചെയ്യും. രോഗലക്ഷണം കണ്ടാൽ ഐസൊലേഷൻ വാർഡുള്ള ആശുപത്രിയിലേക്ക് അയയ്ക്കും. ലക്ഷണങ്ങൾ ഇല്ലാത്തവർക്ക്‌ ബോധവൽക്കരണം നൽകി വീടുകളിൽ 28 ദിവസംവരെ നിരീക്ഷിക്കും. ചൈനയിൽനിന്ന്‌ വന്നവർ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെടണം.

ടോൾ ഫ്രീ നമ്പർ : 1056, 0471 2552056

Comments

COMMENTS

error: Content is protected !!