AGRICULTURE
കുറ്റിക്കുരുമുളക് കൃഷിചെയ്യാം

നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് എല്ലാവര്‍ക്കും കുരുമുളക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കൃഷിരീതിയാണ് കുറ്റിക്കുരുമുളക് കൃഷി. കുരുമുളകുചെടിയുടെ പ്രധാന തണ്ടില്‍നിന്ന് പാര്‍ശ്വഭാഗങ്ങളിലേക്ക് വളരുന്ന ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ കിട്ടുന്നവിധത്തില്‍ മുറിച്ചെടുത്ത് ചട്ടിയിലോ മണ്ണിലോ കുറ്റിച്ചെടിയായി കൃഷിചെയ്യാം. വേനല്‍ക്കാലമാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ നല്ലത്.
പാര്‍ശ്വശാഖകള്‍ മുറിച്ചെടുത്ത് അഗ്രഭാഗത്ത് രണ്ടിലകള്‍ നിര്‍ത്തി മറ്റുള്ളവ നീക്കംചെയ്യണം. മുറിച്ചെടുത്ത ശാഖകള്‍ 200 പി.പി.എം. ഐ.ബി.എ. ലായനിയില്‍ (200ഗ്രാം ഇന്‍ഡോര്‍ ബ്യൂട്ടിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍) 45 സെക്കന്‍ഡ് മുക്കിവെച്ചശേഷം പോര്‍ട്ടിങ് മിശ്രിതം നിറച്ച (ഒരുഭാഗം മേല്‍മണ്ണ്, ഒരുഭാഗം മണല്‍, ഒരു ഭാഗം ഉണക്ക ചാണകപ്പൊടി) പൊളിത്തീന്‍ ബാഗുകളിലേക്ക് നടാം. ആവശ്യാനുസരണം തണല്‍, ജലസേചനം ഇവ കൊടുക്കണം. മഴക്കാലം ആരംഭിക്കുന്നതോടെ തണല്‍ നീക്കംചെയ്യണം. തുടര്‍ന്ന് ഇങ്ങനെ തയ്യാര്‍ചെയ്ത തൈകള്‍ പോര്‍ട്ടിങ് മിശ്രിതം നിറച്ച സിമന്റ് ചട്ടിയിലോ മണ്‍ചട്ടിയിലോ നേരിട്ട്
മണ്ണിലോ മാറ്റിനടാം.
അടിവളമായി 50 ഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് നല്‍കാവുന്നതാണ്. ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. മഴയില്ലാത്ത സന്ദര്‍ഭങ്ങളില്‍ നനയ്ക്കണം. മേല്‍വളമായി മൂന്നുമാസത്തിലൊരിക്കല്‍ 50 ഗ്രാം മണ്ണിരക്കമ്പോസ്റ്റോ 100 ഗ്രാം ഉണക്ക ചാണകപ്പൊടിയോ 15 ഗ്രാം കടലപ്പിണ്ണാക്കോ 35 ഗ്രാം വേപ്പിന്‍പ്പിണ്ണാക്കോ നല്‍കണം. ഇതിനോടൊപ്പം 10:4:14 കുരുമുളക് മിശ്രിതമോ മറ്റ് രാസവളക്കൂട്ടുകളോ 30 ഗ്രാം ക്രമത്തിലും നല്‍കാം. ഞാണുകിടക്കുന്ന തണ്ടുകള്‍ മുറിച്ചുമാറ്റി കുറ്റിയായി വളര്‍ത്താന്‍ ശ്രദ്ധിക്കണം.
നല്ലപരിചരണം നല്‍കിയാല്‍ ഒരുവര്‍ഷത്തിനകം കായ്ച്ചുതുടങ്ങും. മൂന്നാംവര്‍ഷം മുതല്‍ ചെടി ഒന്നില്‍നിന്നും ഒരു കി.ഗ്രാം ഉണക്ക കുരുമുളക് ലഭിക്കും. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ചട്ടിമാറ്റി നിറച്ചുകൊടുക്കണം. മട്ടുപ്പാവിലും വീട്ടുമുറ്റത്തും പൂന്തോട്ടങ്ങളിലും വളര്‍ത്തുന്ന ഇത്തരം ചെടികള്‍ക്ക് രോഗകീടബാധ പൊതുവേ കുറവാണ്. രോഗങ്ങളും കീടങ്ങളും കാണുകയാണെങ്കില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. കാട്ടുതിപ്പല്ലിയില്‍ പാര്‍ശ്വതലകള്‍ ഒട്ടിച്ച് തയ്യാര്‍ചെയ്യുന്ന ഒട്ടു കുറ്റിക്കുരുമുളക് കൃഷിയും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. വാട്ടരോഗത്തെ പ്രതിരോധിക്കുന്നതിന് ഇതുപകരിക്കും.
Comments