കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് തരം യൂണിഫോമുകളാണ് വിതരണം ചെയ്തത്. 28 പേരാണ് പഞ്ചായത്തിന് കീഴിൽ ഹരിത കർമ്മ സേനാംഗങ്ങളായി പ്രവർത്തിക്കുന്നത്. മുഴുവൻ പേർക്കും യൂണിഫോം നൽകി.
പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കൃത്യമായ ഇടവേളകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എം സി എഫിൽ എത്തിക്കുന്നവരാണ് ഹരിത കർമ്മ സേനാംഗങ്ങൾ. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നു. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളകമ്പനി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ നിർവഹിച്ചു. വൈസ് പ്രസഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ സബിന മോഹൻ, ശോഭ, രജിത രാജേഷ്, കുട്ട്യാലി, വി.ഇ.ഒമാരായ വിനില, മിഥുൻ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.