ബവ്റിജസ് കോര്‍പറേഷന്‍ ഗുരുതര പ്രതിസന്ധിയില്‍
ബവ്റിജസ് കോര്‍പറേഷന്‍ ഗുരുതര പ്രതിസന്ധിയില്‍. 71 ഔട്ട്ലെറ്റുകളിൽ ബിയറും വൈനും മാത്രമേ സ്റ്റോക്കുള്ളൂ . വില കുറഞ്ഞ മദ്യത്തില്‍ നിന്നുള്ള ആകെ വരുമാനം നാലിലൊന്നായി കുറഞ്ഞു. ജവാന്‍ മദ്യം കൂടുതല്‍ ഉല്‍പാദിപ്പിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. വ്യാജമദ്യ ഭീക്ഷണിയില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് ഇന്‍റലിജന്‍സ് നിര്‍ദേശം നൽകി.
വില കൂടിയ മദ്യം ഒഴിച്ചു നിര്‍ത്തിയാല്‍ 71 ഔട്ട്ലെറ്റുകളില് ബിയറും വൈനും മാത്രമാണ് സ്റ്റോക്കുള്ളത്. സ്ഥിതി ഇതേ രീതിയില്‍ തുടര്‍ന്നാല്‍ പല ഔട്ട്ലെറ്റുകളും അടയ്ക്കേണ്ടിയും വരും. വെറും 6.5 കോടി രൂപയുടെ വിലകുറഞ്ഞ മദ്യമാണ് ഈ സാമ്പത്തിക വര്‍ഷം വില്‍ക്കാന്‍ കഴിഞ്ഞതെന്നു ബവ്കോയുടെ വെബ്സൈറ്റു പറയുന്നു.
ഡിസ്റ്റിലറികള്‍ ഉല്‍പാദനം നിര്‍ത്തിവെച്ചതോടെയാണ് പ്രതിസന്ധിയായത്. സര്‍ക്കാര്‍ വിറ്റുവരവ് നികുതിയില്‍ ഒഴിവാക്കാത്തതും ഉല്‍പാദനചെലവു കൂടിയതുമാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സില്‍ നിന്നുള്ള ജവാന്‍ മദ്യം രണ്ടു മണിക്കൂര്‍ കൊണ്ടുതന്നെ വിറ്റു തീരുന്നു. പ്രതിദിനം 54000 ലീറ്റര്‍ മദ്യമാണ് ഇവിടെ നിര്‍മിക്കുന്നത്.