ഗതാഗത നിയമ പാലനം ഒറ്റ ഏജൻസിയെ ഏൽപിക്കണമെന്നു ട്രോമാ കെയർ സെമിനാർ
കോഴിക്കോട്: ഗതാഗത നിയമങ്ങൾ ശരിയായ തരത്തിൽ നടപ്പാക്കുന്നതും നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതും ഒരേ ഏജൻസിക്കു കീഴിൽ കൊണ്ടുവരണമെന്ന് ട്രോമാ കെയർ സെമിനാർ അഭിപ്രായപ്പെട്ടു. റോഡപകടങ്ങളിൽ മരിച്ചവരുടെ ഓർമദിനത്തിലാണ്, ‘നമ്മുടെ റോഡുകൾ എങ്ങനെ സുരക്ഷിതമാക്കാം’ എന്ന വിഷയത്തിൽ ട്രോമാകെയറിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തിയത്. ഇപ്പോൾ പൊലീസും മോട്ടർ വാഹന വകുപ്പും ചേർന്നാണ് ഗതാഗത നിയമപാലനം നടപ്പാക്കുന്നത്. എന്നാൽ രണ്ട് ഏജൻസികളെയും ഏകോപിപ്പിച്ചുള്ള എൻഫോഴ്സ്മെന്റ് സംവിധാനമാണ് ആവശ്യമെന്നു സെമിനാർ ചൂണ്ടിക്കാട്ടി. റോഡിൽ പൗരന്റെ സുരക്ഷയും അപകടത്തിൽ പെടുന്നവർക്ക് പരിചരണവും നഷ്ടപരിഹാരവും നൽകേണ്ടതും സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.
സെമിനാർ വിജിലൻസ് സ്പെഷൽ ജഡ്ജി ടി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എം പ്രദീപ് കുമാർ, ജില്ലാ ജഡ്ജി ആർ എൽ ബൈജു, ഡോ. പി ലോവൽമാൻ, റിട്ട. ഡിടിസി ഡോ. മുഹമ്മദ് നജീബ്, ആർടിഒ പിആർ സുമേഷ്, ട്രാഫിക് എസി എ ജെ ജോൺസൺ, പി ഹേമപാലൻ, പി വി മോഹൻലാൽ, കെപിഎ സിറ്റി ജില്ലാ പ്രസിഡന്റ് വി പി പവിത്രൻ, പാർവതി പ്രദീപ് വലിയേടത്ത് പ്രസംഗിച്ചു. അപകടത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരി തെളിച്ചു.