നിയമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘മാറ്റൊലി’ സാമൂഹിക നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ഉത്തരമേഖലാ തലത്തില്‍ നിയമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘മാറ്റൊലി’ സാമൂഹിക-നിയമ ബോധവൽക്കരണ പരിപാടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ അവബോധം നല്‍കുന്നതിന് നിയമ (ഔദ്യോഗികഭാഷ) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്.

കോഴിക്കോട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജ്യോതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ സിന്ധു ആശംസയർപ്പിച്ചു. ‘ഇന്ത്യന്‍ ഭരണഘടനയും പ്രധാന ക്രിമിനല്‍ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം’ എന്ന വിഷയത്തില്‍ അഡ്വ. പി എം അജിഷയും ‘സ്ത്രീശാക്തീകരണത്തില്‍ പ്രത്യേക നിയമങ്ങള്‍ വഹിക്കുന്ന പങ്ക്’ എന്ന വിഷയത്തില്‍ അഡ്വ. കെ സി വിശ്വലേഖയും ക്ലാസ് നയിച്ചു. സെക്ഷന്‍ ഓഫീസര്‍ എസ് സജ്ജാദ് സ്വാഗതവും ലീഗല്‍ അസിസ്റ്റന്റ് കെ എ സൈജു നന്ദിയും പറഞ്ഞു. കുടുംബശ്രീ ജീവനക്കാരും പ്രവര്‍ത്തകരും പങ്കെടുത്തു.

Comments
error: Content is protected !!