പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് അന്ത്യശാസനം
2018 പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.
കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്. കേന്ദ്ര സർക്കാരിൽ പലവിധത്തിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും പണം നൽകാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.
പ്രളയകാലത്ത് ബുദ്ധിമുട്ടിലായ കേരളത്തോട് കരുണയില്ലാത്ത സമീപനം മുൻപും മോദി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് പണം ആവശ്യപ്പെട്ടിരുന്നു ,കേന്ദ്രം വായ്പ വിഹിതം വെട്ടി കുറച്ചതിനാൽ സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടൂതൽ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.