KERALAUncategorized

പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു

പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതി ദുരന്ത നിവാരണ അതോറിറ്റിയുടെ ബൊലേറോ ജീപ്പ് ജപ്തി ചെയ്തത്.

കഴിഞ്ഞ പ്രളയത്തില്‍ ഭിത്തികള്‍ വിണ്ടു കീറി അപകടാവസ്ഥയിലായിരുന്നു സാജുവിന്റെ വീട്. വീടിന്റെ നാശ നഷ്ടങ്ങളുടെ കണക്കെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും അടിയന്തിര സഹായമായ 10,000 രൂപ മാത്രമാണ് നല്‍കിയത്. കുടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് കലൂരില്‍ നടന്ന ലോക് അദാലത്തില്‍ പങ്കെടുത്ത് സാജു പരാതി ബോധിപ്പിച്ചു. 2021 ഓഗസ്റ്റില്‍ എത്രയും വേഗം രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലും ജില്ലാ കളക്ടറുടെ ഓഫിസിലും കയറി ഇറങ്ങിയെങ്കിലും ഫലവുമുണ്ടായില്ല. ഇതോടെ സാജു എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിശദീകരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഫയല്‍ ഒപ്പിടാത്തതിനാലാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതെന്നായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മറുപടി. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ കെ എല്‍ 07 സി.എ 8181 രജിസ്‌ട്രേഷനിലുള്ള ബൊലേറോ ജീപ്പ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button