എസ് സി ഇ ആർ ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സും ഇ-ഓഫീസും ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: എസ് സി ഇ ആർ ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ് സി ഇ ആർ ടി ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഒരു ലക്ഷത്തി അമ്പതിനായിരം പേജുകൾ ഇതിനോടകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇനിയും ഈ പ്രവർത്തനം തുടരേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ ഗ്രന്ഥാലയം കേരള വിദ്യാഭ്യാസ ചരിത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെയും വികാസത്തെയും കുറിച്ച് ശരിയായ ധാരണ ലഭിക്കുന്നതിനും പൊതുസമൂഹത്തിന് സഹായകരമാകും. ലോകത്തുള്ള ഏതൊരാൾക്കും ഓൺലൈനായി വായിക്കുവാനും പഠനവിധേയമാക്കുവാനും അവസരം ലഭിക്കും.

സർക്കാർ ഓഫീസുകൾ പേപ്പർ രഹിത ഓഫീസുകൾ ആയി മാറുന്നതിന്റെ ഭാഗമായി എസ് സി ഇ ആർ ടിയുടെ ഓഫീസ് പ്രവർത്തനങ്ങൾ ‘ഇ-ഓഫീസ്’ പ്രവർത്തനങ്ങളിലേക്ക് മാറുന്നത് ജനങ്ങൾക്ക് ഫയലുകളെ സംബന്ധിച്ച വിശദാംശങ്ങൾ ഓഫീസുകളിൽ വരാതെ തന്നെ അറിയുന്നതിനും, പ്രസിദ്ധീകരിച്ചിട്ടുള്ള സർക്കാർ ഉത്തരവുകൾ കണ്ടെത്തുന്നതിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും ലഭ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Comments
error: Content is protected !!