പതിനഞ്ചാമത് കോഴിക്കോട് ജില്ല ‘കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്’ നടക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
കോഴിക്കോട് : ‘ജൈവ വൈവിധ്യ സംരക്ഷണവും ജനകീയ പങ്കാളിത്തവും’ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന പതിനഞ്ചാമത് കോഴിക്കോട് ജില്ല ‘കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്’ നടക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡിഇഒ കെ പി ധനേഷ് അധ്യക്ഷനായി. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. കെ പി മഞ്ജു, സ്കൂൾ പ്രിൻസിപ്പൽ കെ ബാബു, ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ വടയക്കണ്ടി നാരായണൻ, ഹെഡ്മാസ്റ്റർ സന്തോഷ് നിസ്വാർത്ഥ, ഡോ. കെ ശ്രീജ, എം രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ 54 വിദ്യാലയങ്ങളിൽ നിന്നായി 260 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോജക്ട് അവതരണം, ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്, പെയിൻറിങ് എന്നിവയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജൈവവൈവിധ്യവും മനുഷ്യൻറെ ഭാവിയും (പ്രോജക്ട്), മാറുന്ന കാലാവസ്ഥയും ജൈവവൈവിധ്യവും (ഉപന്യാസ രചന), നാട്ടിൻപുറം (പെയിൻറിംഗ്), പുഴയോരം (ഡ്രോയിങ്) എന്നിവയായിരുന്നു വിഷയങ്ങൾ. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വെച്ച് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റുകളും മെമെൻ്റോകളും വിതരണം ചെയ്തു. സംസ്ഥാന തല കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ഫെബ്രുവരിയിൽ കോഴിക്കോട് വെച്ച് നടക്കും.