ഒരു കൊയിലാണ്ടിക്കാരൻ്റെ വേൾഡ് കപ്പ് ഖത്തറിൽ നിന്ന്; എഴുത്തും ചിത്രങ്ങളും അൻവർ ലുബ്സാക്ക്
സമാനകളില്ലാത്ത ഫുട്ബോൾ അനുഭവമാണ് ഖത്തർ വേൾഡ് കപ്പ് മലയാളിക്കുമുന്നിൽ തുറന്നിട്ടത്. സാധാരണക്കാരന് സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന വേൾഡ് കപ്പ് മത്സരം നേരിൽ കാണാൻ കിട്ടിയ അവസരം എല്ലാം ഇന്ത്യക്കാരും ശരിക്കും മൊതലാക്കി. ഞങ്ങളെപ്പോലുള്ള സാധാരണക്കാരന് ഇത്രയും ചുരുങ്ങിയ പൈസക്ക് വേൾഡ് കപ്പ് മത്സരം കാണാൻ കിട്ടുക എന്നത് തികച്ചും അവിശ്വസനീയമാണ്. നാട്ടിൽ ഒരു ലോക്കൽ കളി കാണാൻ ഇതിലും എത്രയോ ഇരട്ടി പൈസയാകും.
അംഗവൈകല്യമുള്ളവർക്ക് ഖത്തർ പ്രത്യേക പരിഗണനയാണ് കൊടുക്കുന്നത്. അവർക്ക് കളി നന്നായി കാണുന്ന രീതിയിൽ സീറ്റ് സജ്ജികരണവും കൂടെ ഒരു ആളെയും അനുവദിക്കും. വിമാന ടിക്കറ്റിന് വില കൂട്ടിയിരുന്നില്ലായിരുന്നെങ്കിൽ നാട്ടിൽ നിന്ന് കുറേ ആളുകളെ ചിലർ കൊണ്ടുവന്നേനെ. അവരെ കളി കാണിക്കുകയും ചെയ്യാം, കൂടെ നമുക്ക് ഇഷ്ടപ്പെട്ട ടീമിന്റെ മുന്നിലിരുന്ന് കാണുകയും ചെയ്യാം. എന്തേ മലയാളി പൊളിയാല്ലേ…
മദ്യവും മദിരാക്ഷിയും
മേള തുടങ്ങുന്നതിന് മുമ്പ് ഞങ്ങളുടെ ഇടയിൽ ഒരു ധാരണ ഉണ്ടായിരുന്നു; വിദേശികൾ വന്ന് റോഡിൽ ബീറും അടിച്ച് അടി ഉണ്ടാക്കുമെന്നും റഷ്യയിൽ നിന്ന് നിശാസുന്ദരിമാർ എത്തുമെന്നും. മേള തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇതൊക്കെ മലയാളികളുടെ പതിവ് തള്ളൽ ആണ് എന്നത്. ഇനി ഏതാനും ദിവസത്തിനുള്ളിൽ ഈ മാമാങ്കം ഇവിടെ അവസാനിക്കും. ഖത്തർ എന്ന കൊച്ചുരാജ്യം ലോകത്തിന് തന്നെ മാതൃക ആയിരിക്കുന്നു. ആദ്യമായി വനിതകളെ റഫറിമാർ ആക്കി. ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട വേൾഡ് കപ്പ്. കളിയുടെ ലഹരിയുള്ളവർക്ക് മറക്കാൻ ആവാത്ത ഒരു വേൾഡ് കപ്പ് ആകും ഇതെന്ന് നമുക്ക് നിസംശയം പറയാം.
ഗാലറിയിൽ മദ്യമില്ലാതെ എങ്ങനെ ആഹ്ളാദിക്കാൻ കഴിയും എന്ന് ലോകത്തിന് കാട്ടികൊടുത്ത മലയാളി ചേട്ടൻമാരെ കണ്ട് പഠിക്കട്ടെ സായിപ്പൻമാർ. സ്വന്തം രാജ്യം ഈ വേൾഡ് കപ്പ് മത്സരത്തിന് ഇല്ലെങ്കിലും പിന്തുണക്കുന്ന രാജ്യം ഗോൾ അടിച്ചാൽ മതിമറന്ന് തുള്ളിചാടുന്ന മലയാളികളുടെ രക്തത്തിൽ ഫുട്ബാൾ ലഹരിയാണ്. എന്തെ..മലയാളി പൊളിയല്ലേ..
മലയാളി വളണ്ടിയർമാർ
ഇവിടെയുള്ള ഭൂരിപക്ഷം വളണ്ടിയർമാരും മലയാളികളാണ്. കഴിഞ്ഞ ദിവസം ഒരു സ്റ്റേഡിയത്തിന് മുമ്പിൽ ഇവിടെയുള്ള ഒരു മലയാളി മുതലാളി കൈയും മെയ്യും മറന്ന് വളണ്ടിയർ ഡ്യൂട്ടി ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു എന്തേ… മലയാളി പൊളിയാല്ലേ..
എല്ലാ സ്ഥലത്തേക്കും ബസ് കണക്ഷൻ ഉണ്ട്. എല്ലാം തികച്ചും സൗജന്യവും ആണ്. എന്തിനും സഹായിക്കാൻ ഒരു കൂട്ടം വളണ്ടിയർമാർ ഉണ്ട് . എവിടെയും അവരുടെ സാന്നിധ്യം കാണാം. ഇതിൽ ഭൂരിപക്ഷവും മലയാളികൾ ആണ്. മെട്രോ ട്രെയിനിൽ ആണ് ഭൂരിപക്ഷം ആളുകളും സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ട്രെയിനിൽ ഫാൻസുകാരുടെ ആട്ടവും പാട്ടും കാണാം. ഇതിന്റെ ഇടയിൽ കയറി മലയാളി കുട്ടനാടൻ.. പുഞ്ചയിലെ.. അങ്ങുകാച്ചും. പിന്നെ അവരും പാടും തതൈ ..തക..എന്താല്ലെ.
എല്ലാ രാജ്യത്തിന്റെയും മലയാളി ഫാൻസുകാരെ കണ്ടാൽ പെട്ടെന്ന് മനസ്സിലാകും. അവിടെ നിന്ന് വന്നവർക്ക് പോലും ഇത്ര കോസ്റ്റീമും കാണില്ല. മലയാളികളുടെ ഈ ആത്മാർത്ഥത കണ്ട് വിദേശ മാധ്യമങ്ങൾപ്പോലും ഞെട്ടിക്കാണും. ചില വിദേശ മാധ്യമങ്ങൾ ഏഷ്യക്കാരെ ഖത്തർ പൈസ കൊടുത്ത് ഇറക്കിയതാണ് എന്ന് പോലും എഴുതി. അവരറിയുന്നുണ്ടോ അവരുടെ നാട്ടിൽപ്പോലും ഇത്രയും വലിയ മെസ്സി നൈമർ റൊണാൽഡോ കട്ടഔട്ടർ വെച്ചത് കേരളത്തിൽ അല്ലാതെ മറ്റെവിടെയാണെന്നത്. ഇത്രയും മലയാളികൾ കണ്ട വേൾഡ് കപ്പ് എന്ന റിക്കോഡും ഖത്തറിന് സ്വന്തം.