DISTRICT NEWS
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെറ്റ് സി ടി സ്കാന്‍ പ്രവര്‍ത്തനസജ്ജമായി
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെറ്റ് സി ടി സ്കാന്‍ പ്രവര്‍ത്തനസജ്ജമായി. സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണയത്തില്‍ വളരെ സഹായകരമായ പെറ്റ് സ്കാന്‍ സ്ഥാപിക്കുന്നത്. ഔപചാരിക ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നടക്കുമെന്ന് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം അധികൃതര്‍ അറിയിച്ചു. പത്തുകോടി രൂപ ചെലവില്‍ ആശുപത്രി വികസന സൊസൈറ്റി മുന്‍കൈയെടുത്താണ് സ്കാന്‍ സ്ഥാപിച്ചത്.
പെറ്റ് സ്കാന്‍ ഉപയോഗിച്ച് പ്രതിമാസം 200-ഓളം പേര്‍ക്ക് ചികിത്സാനിര്‍ണയം നടത്താനാവും. സ്വകാര്യ സ്ഥാപനങ്ങള്‍ 18,000 മുതല്‍ 25000 രൂപവരെ ഫീസ് ഈടാക്കുമ്പോള്‍ മെഡിക്കല്‍കോളേജില്‍ 11,000 രൂപയേ വരൂ. ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. റേഡിയേഷന് പ്രസരണമുള്ളതിനാല്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ അതേ നടപടിക്രമങ്ങളാണ് അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരത്തോടെ മെഡിക്കല്‍കോളേജിലും നടപ്പാക്കിയത്. റേഡിയോ ആക്ടീവ് മരുന്ന് കുത്തിവെച്ചതിനു ശേഷമാണ് സ്കാന്‍ ചെയ്യുക.

കൊച്ചിയിലുള്ള മോളിക്യൂലാര്‍ സൈക്ലോട്രോണ്‍സ് എന്ന സ്ഥാപത്തില്‍നിന്ന് ആവശ്യത്തിനനുസരിച്ച് മരുന്ന് ദിവസേന എത്തിക്കും. 110 മിനിറ്റ് കഴിയുമ്പോള്‍ മരുന്നിന്റെ അളവ് പകുതിയായി കുറയുന്നതിനാല്‍ കൂടുതല്‍ സൂക്ഷിച്ചുവെക്കാനാകില്ല. ഇഞ്ചക്ഷന് മരുന്നിന് മാത്രം 2500 രൂപയോളം വിലയുണ്ട്. പരീക്ഷണാര്‍ഥം 150 രോഗികള്ക്ക്പെ റ്റ് സി ടി സ്കാന്‍ ഉപയോഗിച്ച് ഇതുവരെ രോഗനിര്‍ണയം നടത്തി.
പുറമേ പ്രകടമല്ലാത്ത കാന്‍സര്‍, അണുബാധ, ക്ഷയരോഗം, മറവി രോഗം, പാര്ക്കിന്സണ് എന്നിവ കണ്ടെത്താനും പെറ്റ് സ്കാന്‍ ഉപയോഗിക്കുന്നുണ്ട്. ന്യൂക്ളിയര്‍ മെഡിസിന് വിഭാഗം മേധാവി ഡോ. വി.പി. അനിലകുമാരി, അസിസ്റ്റന്റ് പ്രൊഫസറര്‍മാരായ ഡോ. പി. ഹരിലാല്‍, ഡോ. കെ. അലി സ്നൈവര്‍, ഡോ. വിവേക് മാത്യു, ഫിസിഷ്യന്‍ ഡോ. സരിന് കൃഷ്ണ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

കാന്‍സര്‍ ബാധ വളരെ നേരത്തേ കണ്ടെത്താനും രോഗബാധയുടെ ഘട്ടം കൃത്യമായി നിര്‍ണയിക്കാനും ചികിത്സയ്ക്ക് ശേഷമുള്ള പുരോഗതി വിലയിരുത്താനും പെറ്റ് സ്കാന്‍ ഏറെ ഫലപ്രദമാണ്.
Comments