KERALA

ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കണം- മന്ത്രി കൃഷ്ണന്‍കുട്ടി 

സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം
കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഫറോക്ക് നഗരസഭ  സമ്പൂര്‍ണ കുടിവെള്ള വിതരണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിന്റെയും രണ്ടാം ഘട്ടത്തില്‍ 18.65 കോടി രൂപയുടെ പ്രവൃത്തി തുടങ്ങുന്നതിന്റെയും  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  കേരളത്തില്‍ 3000 ടി.എം.സി ജലമുണ്ട്. ഇതില്‍ 1500 ടി.എം.സി നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നിട്ടും 300 ടി.എം.സി മാത്രമാണ് നാം ഉപയോഗിക്കുന്നത്. 1000 ടി.എം.സി ജലമുള്ള തമിഴ്‌നാട് 950 ടി.എം.സിയും ഉപയോഗിക്കുന്നു. കേരളവും കര്‍ണാടകയും നല്‍കുന്ന വെള്ളം ഇതിനു പുറമെയാണ്. കേരളം 208 ടി.എം.സി ജലം തമിഴ്‌നാടിന് നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 86 ലക്ഷം കുടുംബങ്ങളില്‍ 25 ലക്ഷം കുടംുബങ്ങള്‍ക്കാണ് പൈപ്പ്‌ലൈന്‍ വഴി കുടിവെള്ളം ലഭിക്കുന്നത്. 22 ലക്ഷം ഏക്കര്‍ കൃഷിയില്‍ മൂന്ന് ലക്ഷം ഏക്കര്‍ വരുന്ന നെല്‍കൃഷിക്കു മാത്രമാണ് ജലസേചനം. തെങ്ങും കുരുമുളകും മറ്റും നനക്കുന്ന പതിവില്ല. നനക്കാതെ 60 തേങ്ങ കിട്ടുന്ന തെങ്ങില്‍ നിന്ന് നനച്ചാല്‍ 150 തേങ്ങ കിട്ടും. നനയില്ലെങ്കില്‍ രണ്ട് കിലോ കിട്ടുന്ന കുരുമുളക് നനച്ചാല്‍ ആറ് കിലോ കിട്ടും. പക്ഷെ, ഇക്കാര്യത്തില്‍ നാം ശ്രദ്ധിക്കുന്നില്ല. ടാങ്ക് നിര്‍മാണവും മറ്റും പൂര്‍ത്തിയായിട്ടും ജലവിതരണം തുടങ്ങാത്ത 128 പദ്ധതികള്‍ സംസ്ഥാനത്തുണ്ടെന്നും സമയബന്ധിതമായി ഇവിടങ്ങളില്‍ നിന്ന് വിതരണം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
ഫറോക്ക് നഗരസഭ  സമ്പൂര്‍ണ കുടിവെള്ള പദ്ധതി രണ്ടാം ഘട്ട പ്രവൃത്തി അടുത്ത ഒരു വര്‍ഷത്തിനകം  പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ചടങ്ങില്‍ ഉറപ്പു നല്‍കി. ഇതിനായി കൃത്യമായ ആസൂത്രണത്തോടെ നാളെ മുതല്‍ തന്നെ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വി കെ സി മമ്മദ് കോയ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, നഗരസഭാധ്യക്ഷ കെ കമറുലൈല എന്നിവര്‍ മുഖ്യാതിഥികളായി.
നിലവില്‍ കിഫ് ബി യില്‍ നിന്നും 18.65 കോടി രൂപ ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തി തുടങ്ങുകയാണ്. ഫറോക്ക് പഞ്ചായത്തായിരുന്ന കാലത്താണ് ടാങ്കും കുടിവെള്ള വിതരണ ശൃംഖലയും സ്ഥാപിച്ചത്.  ചെറിയ വ്യാസമുള്ള പൈപ്പിടുന്നതിനായി ഫറോക്ക് പഞ്ചായത്ത് ഒരു കോടി രൂപയും നഗരസഭ നിലവില്‍ വന്ന ശേഷം ഒരു കോടി രൂപയും കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കി. ഫറോക്കിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോള്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാണ്. ബാക്കി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതോടു കൂടി ഫറോക്കിലെ മുഴുവന്‍ പ്രദേശത്തും കുടിവെള്ളം ലഭ്യമാകും. 12500 ഓളം വീടുകളും 2500 ഓളം ഇതര സ്ഥാപനങ്ങളുമാണ് ഫറോക്കിലുള്ളത്. 5250 പൈപ്പ് കണക്ഷന്‍ കൊടുത്തു കഴിഞ്ഞു. വീടുകളും സ്ഥാപനങ്ങളുമായി 10, 000 ത്തോളം പൈപ്പ് കണക്ഷന്‍ ഇനി നല്‍കാനുണ്ട്. മെയ് മാസത്തോടെ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും.
പദ്ധതിയുടെ ജല സ്രോതസ്സ് പെരുവണ്ണാമൂഴി ഡാം റിസര്‍വേയില്‍ ജിക്ക പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കിണറും അതിനോടനുബന്ധിച്ച് 174 ദശലക്ഷം ലിറ്റര്‍ ഉല്‍പാദന ശേഷിയുള്ള ജല ശുദ്ധീകരണശാലയുമാണ്. ഫറോക്ക് മുനിസിപ്പാലിറ്റിക്ക് ആവശ്യമായ പ്രതിദിനം 12.10 ദശലക്ഷം ലിറ്റര്‍ ജലം ഈ പദ്ധതിയില്‍ നിന്നുമാണ് ലഭ്യമാകുന്നത്.
ഫറോക്ക് പൂതേരി ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഫറോക്ക് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, ഫറോക്ക് മുന്‍സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ മാറായ പി ബള്‍ക്കീസ്, എന്‍ ബാക്കിര്‍, ടി നുസ്‌റത്ത്, പി ആസിഫ്, എം സുധര്‍മ്മ, ഫറോക്ക് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഉഷാകുമാരി, സെക്രട്ടറി പി ആര്‍ ജയകുമാര്‍,  ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ബി ഷാജഹാന്‍, ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ടി വി ബാലന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഷവസ്‌കുദിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി വി സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button