അങ്കണവാടി വഴി നടത്തുന്നത്‌ കുടുംബ സർവേ; പൗരത്വ രജിസ്‌റ്ററുമായി ബന്ധമില്ല: മന്ത്രി ശൈലജ

തിരുവനന്തപുരം > അങ്കണവാടികൾ വഴി നടത്തുന്നത്‌ കുടുംബാരോഗ്യ സർവേയെന്ന്‌  മന്ത്രി കെ കെ ശൈലജ. ഇതേകുറിച്ച്‌ അടിസ്ഥാനരഹിത പ്രചാരണം നടത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.  സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള അങ്കണവാടി വർക്കർമാരുടെ ഗൃഹസന്ദർശനത്തിന്‌ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല. പൗരത്വ ഭേദഗതി നിയമം വരുംമുമ്പേ ആരംഭിച്ച സർവേയാണിത്.

 

സമ്പുഷ്ട കേരളം പദ്ധതിക്കായുള്ള കുടുംബാരോഗ്യ വിവരങ്ങളാണ് ശേഖരിക്കുന്നത്. അങ്കണവാടി ജീവനക്കാർ സ്മാർട്ട് ഫോണിലെ പ്രത്യേക അപ്ലിക്കേഷനിലൂടെ വിവരം ശേഖരിക്കുന്നു. ജാതിയോ മതമോ ചേർക്കണമെന്ന് നിർബന്ധമില്ല. കുട്ടികളിലെ വളർച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും യഥാസമയം മനസ്സിലാക്കാനും അടിയന്തരശ്രദ്ധയും പരിചരണവും നൽകാനും ഇതുവഴി സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യവിവരവും ലഭിക്കും.

 

സംസ്ഥാനത്തെ 33,115 അങ്കണവാടി 11  രജിസ്റ്ററിലൂടെ ശേഖരിച്ചിരുന്ന വിവരങ്ങൾ ഏകോപിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സർവേ. മാർച്ചിനകം സർവേ പൂർത്തിയാക്കണം. പോഷണക്കുറവ് പരിഹരിക്കാൻ നടത്തുന്ന പ്രവർത്തനത്തിൽ എല്ലാവരും കൃത്യം വിവരങ്ങൾ നൽകണം. സർവേയെ പൗരത്വ രജിസ്‌റ്ററുമായി ബന്ധിപ്പിക്കുന്ന പ്രചാരണത്തിൽ വഞ്ചിതരാകരുത്‌. പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
Comments

COMMENTS

error: Content is protected !!