സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കുന്നു
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കുന്നു. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 641 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളും, ലൈസന്‍സ് ഇല്ലാത്ത 27 സ്ഥാപനങ്ങളും ഉള്‍പ്പെടെ 36 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും 188 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും പ്രത്യേക പരിശോധന തുടരുമെന്നും, കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച എറണാകുളത്തെ മൂന്ന് ഹോട്ടലുകള്‍ കൂടി ഇന്നലെ അടച്ചുപൂട്ടിയിരുന്നു. 10 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ 35 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40000 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസവും കൊച്ചി നഗരത്തിലെ ആറ് ഹോട്ടലുകള്‍ പൂട്ടിയിരുന്നു.