DISTRICT NEWS

കോഴിക്കോട് നഗരത്തിൽ വസന്തോത്സവമൊരുക്കി പുഷ്പമേള ആരംഭിച്ചു

കോഴിക്കോട് നഗരത്തിൽ വസന്തോത്സവമൊരുക്കി പുഷ്പമേള ആരംഭിച്ചു. കാലിക്കറ്റ് അഗ്രിഹോർട്ടികൾചറൽ സൊസൈറ്റി ബീച്ചിലൊരുക്കിയ ഫ്ലവർ ഷോയിൽ പൂക്കളുടെ വസന്തകാലം തന്നെയാണ്. മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതൽ ജെറനിയം, വെർബീനിയ, കൃസാന്തം, ഓൾ സീസൺ ബോഗൻവില്ല തുടങ്ങി ചെടികളുടെ അപൂർവ ശേഖരമാണ് ഇവിടെയുള്ളത്. കൂടാതെ വിവിധയിനം ചെടികളും വിത്തുകളും ലഭിക്കും.

പൂക്കളുടെ വർണവിസ്മയത്തോടൊപ്പം ഭക്ഷണവിഭവങ്ങളുടെ ഫുഡ്പോർട്ടും ഒരുങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ അരീക്കനട്ട് ആൻഡ് സ്പൈസസ്, സി. ഡബ്ല്യു.ആർ.ഡി.എം, കൂത്താളി കൃഷി ഫാം തുടങ്ങിയ സ്റ്റാളുകളും വിവിധയിനം അലങ്കാര ചെടികളുടെ വിൽപന സ്റ്റാളുകളും കാർഷികോപകരണ വിൽപന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും ഏഴു മണിക്ക് ഗാനമേളയുണ്ടാകും. പുഷ്പരാജ, പുഷ്പറാണി മത്സരവും മേളക്ക് മാറ്റുകൂട്ടും. 24, 25 തീയതികളിലായി കർഷകർക്ക് സെമിനാറുകളും പഠനക്ലാസുകളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ പുഷ്പമേള ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഗീതവിരുന്നും അരങ്ങേറി.

തുടര്‍ച്ചയായ നാല്‍പ്പത്തി രണ്ടാം വര്‍ഷമാണ് ഇരുപതിനായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയില്‍ പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. ഫെബ്രുവരി മൂന്നിന് സമാപിക്കും. മേളയുടെ സമാപന ദിവസം കുറഞ്ഞ നിരക്കില്‍ ഇഷ്ടപ്പെട്ട ചെടികള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button