CRIMEDISTRICT NEWS

കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ ചിട്ടിക്ക് ഈടായി വ്യാജ റവന്യൂ രേഖ ചമച്ച് വ്യാപക തട്ടിപ്പ്

കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ ചിട്ടിക്ക് വേണ്ടി ഈടായി വ്യാജറവന്യൂ രേഖ ചമച്ച് വ്യാപകമായ തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അമ്പതോളം പേരടങ്ങുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ എട്ട് പേര്‍ ഇതുവരെ  അറസ്റ്റിലായി.

ചിട്ടി വിളിച്ച് വ്യാജ റവന്യൂ രേഖ സമര്‍പ്പിച്ച പണം തട്ടുകയാണ് സംഘത്തിന്‍റെ രീതി. കേസില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച മൂന്ന് പേര്‍ കൂടി പിടിയിലായി. മെഡിക്കല്‍ കോളേജ് കിഴക്കെ ചാലില്‍ ടി കെ ഷാഹിദ, ആയഞ്ചേരി പൊന്‍മേരി പറമ്പില്‍ മംഗലാട് കളമുള്ളതില്‍ പോക്കര്‍, കിനാലൂര്‍ കൊല്ലരുകണ്ടി പൊയില്‍ കെപി മുസ്തഫ എന്നിവരെ കൂടിയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്എഫി കല്ലായ് ശാഖയില്‍ നിന്ന് ഷാഹിദയുടെ മകന്‍ മൂന്ന് ലക്ഷം രൂപയുടെ ചിട്ടി വിളിച്ചിരുന്നു. ഇതിന് ഈടായി നല്‍കിയത് മറ്റൊരു സ്ത്രിയെ കബളിപ്പിച്ച് പ്രതി മുസ്തഫ കൈക്കലാക്കിയ ആധാരമാണെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ വ്യാജരേഖ ചമച്ചും പണം തട്ടാന്‍ ശ്രമം നടന്നതായും പൊലീസ് അറിയിച്ചു. 

രേഖകളില്‍ സംശയം തോന്നി തദ്ദേശ സ്ഥാപനങ്ങളിലേക്ക് പരിശോധനക്ക് അയച്ചപ്പോഴാണ് വ്യാജ രേഖകളാണെന്ന് തെളിഞ്ഞത്. മുന്‍പ് പിടിയിലായവര്‍ കെഎസ്എഫ്ഇ മാവൂര്‍ റോഡ് ശാഖയില്‍ സമാന തട്ടിപ്പ് നടത്തി പതിനാറര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു. വില്ലേജ് ഓഫീസറുടെ സീല്‍, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി റവന്യൂ രേഖകള്‍ പലതും ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടന്ന തട്ടിപ്പില്‍ 47 പേര്‍  ഉള്‍പ്പെട്ടതായാണ് പൊലീസിന് ഇതുവരെ ലഭിച്ച വിവരം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button