പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ ഗ്രീഷ്മ അറസ്റ്റിലായി 85-ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായരും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്.
കഴിഞ്ഞ ഒക്ടോബര്‍ 14 നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ചികിത്സയിലിരക്കെ നവംബര്‍ 25 നാണ് ഷാരോണ്‍ മരിച്ചത്. തുടക്കത്തില്‍ പാറശാല പൊലീസ് ഷാരോണിന്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയത്. കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.