KERALAUncategorized

എസ് ഐ യുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ

ഇക്കഴിഞ്ഞ ദിവസം എസ് ഐ യുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. വീട്ടിൽ നിന്ന് ഇത്ര അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കൾ പറയുന്നു. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാംവാർഡ് ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ സുരേഷ് കുമാറിന്റെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൂരജിന്റെ (23) മൃതദേഹം കണ്ടത്. 

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ (സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകനാണ് സൂരജ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ സുരേഷ് കുമാറിന്റെ ഭാര്യയാണ് മൃതദേഹം കണ്ടത്. ഇടതുകാൽ തറയിൽമുട്ടി മടങ്ങിയ നിലയിലായിരുന്നു. വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. വീടിന്റെ പിറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് മൊബൈൽ ഫോൺ കിട്ടിയതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. സുഹൃത്തുക്കളുടെ ഒത്തുചേരലിനായി സുരേഷ് കുമാർ ഞായറാഴ്ച മൂന്നാറിലേക്ക് പോയിരുന്നു. ഭാര്യയും രണ്ടു മക്കളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. 

മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലും മൃതദേഹം കണ്ട സ്ഥലത്തുനിന്ന് അൽപ്പം മാറി കണ്ടെടുത്തു. ബൈക്ക് 150 മീറ്ററോളം അകലെയാണ് വെച്ചിരുന്നത്. ശാസ്ത്രീയ, വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണംപിടിച്ച നായ ബൈക്ക് വെച്ചിരുന്ന സ്ഥലം വരെ ഓടി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം  വീട്ടുവളപ്പിൽ സംസ്കരിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button