കൊച്ചിക്ക് പിന്നാലെ വയനാട്ടിലും നോറോ വൈറസ്
കൊച്ചിക്ക് പിന്നാലെ വയനാട്ടിലും നോറോ വൈറസ് സാനിധ്യം. ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ജവഹര്‍ നവോദയ വിദ്യാലയത്തിലെ 98 വിദ്യാര്‍ഥികള്‍ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സ്‌കൂളിലെ കിണറുകളടക്കം ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു.കുട്ടികളില്‍ അസ്വസ്ഥത കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പരിശോധന റിപ്പോര്‍ട്ട് വന്നതോടെയാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളും പരിസരവും ചൊവ്വാഴ്ച സന്ദര്‍ശിക്കുകയും ക്ലോറിനേഷന്‍ അടക്കമുള്ള ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്തിരുന്നു. ചികിത്സ തേടിയ വിദ്യാര്‍ഥികളെല്ലാം നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.