മുന്‍ ഡെപ്യൂട്ടി കലക്ടര്‍ റംലയുടെ വിയോഗം ; ഞെട്ടലോടെ നാട്
മുന്‍ ഡെപ്യൂട്ടി കലക്ടര്‍ മുന്‍ ഡെപ്യൂട്ടി കലക്ടറും മുന്‍ തഹസില്‍ദാറുമായിരുന്ന നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ എന്‍ റംല (58)യുടെ പെട്ടെന്നുള്ള മരണം നാടിന്‍റെ ഞെട്ടലായി. ഈയടുത്താണ് സര്‍വിസില്‍നിന്ന് വിരമിച്ചത്. കോവിഡ് കാലത്ത് ജില്ലയില്‍ പ്രധാന റോളിലാണ് മികവോടെ പ്രവര്‍ത്തിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സര്‍വിസിനിടയില്‍ അസാധാരണ മികവോടെ പ്രവര്‍ത്തിച്ച ഡെപ്യൂട്ടി കലക്ടറായിരുന്നു റംലയെന്ന് മുന്‍ ജില്ല കലക്ടര്‍ സാംബശിവറാവു ഫേസ്ബുക്കില്‍ അനുസ്മരിച്ചു. സൗമ്യത കൊണ്ട് വിസ്മയിപ്പിച്ച സഹപ്രവര്‍ത്തകയാണ് റംലയെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറായിരുന്നു റംല. ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിലും അവരുടെ സേവനം ശ്രദ്ധേയമായി. എളിമയും ഉത്തരവാദിത്തബോധവും കൊണ്ട് ഇടപഴകിയവരുടെ മനസ്സില്‍ ഇടം നേടിയ ഉദ്യോഗസ്ഥയായിരുന്നു.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ വന്ന് തിരിച്ചുപോകുമ്പോ ഴാണ് ചൊവ്വാഴ്ച വൈകീട്ട് അവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: അബ്ബാസ് (കൊയിലാണ്ടി പന്തലായനി ജി.എം.എല്‍.പി റിട്ട. പ്രധാന അധ്യാപകന്‍). മക്കള്‍: ഡോ. ഷേഖ ഷെറിന്‍ (അമേരിക്ക), നവീത് ഷെഹിന്‍. മരുമകന്‍: ഇസ്ഹാക് (എന്‍ജിനിയര്‍). പിതാവ്: ഖാന്‍സ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ബാദുഷ, ഖൈറുന്നിസ, ഖാദര്‍, ഹമീദ്, സലിം.