KERALAUncategorized

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിനതടവ്

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവോ 500 രൂപ പിഴയോ ആണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.

പ്രതികളുടെ പിഴത്തുകയില്‍നിന്ന് പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ സ്‌റ്റേ നീങ്ങിയാല്‍ കൂറുമാറിയ 24 സാക്ഷികള്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ആള്‍ക്കൂട്ട മര്‍ദനം കേരളത്തില്‍ അവസാനത്തെയാവട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.

അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304(2) വകുപ്പുപ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികള്‍ക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാര്‍ ചുമത്തിയ പ്രധാനകുറ്റം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 326, 367, പട്ടികജാതി-വര്‍ഗ പീഡനനിരോധന നിയമത്തിലെ 31 (ഡി) തുടങ്ങിയ ഉയര്‍ന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തി.പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി.

നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്. ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ചുനടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മര്‍ദനമേറ്റ മധു 2018 ഫെബ്രുവരി 22-നാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണനടത്തി മര്‍ദിച്ചു. തുടര്‍ന്ന് മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button