KERALAMAIN HEADLINES

വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലുമുള്ള യാത്രകള്‍ക്ക് മുമ്പ് ഇനി മുതല്‍ ബോധവത്കരണ ക്ലാസുകള്‍ ഉണ്ടാകും

വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലുമുള്ള യാത്രകള്‍ക്ക് മുമ്പ് ഇനി മുതല്‍  ബോധവത്കരണ ക്ലാസുകള്‍ ഉണ്ടാകും. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് കനാല്‍ ഓഫീസുകളുടെ നടപടി. ഓരോ യാത്രകള്‍ക്കു മുമ്പും പാലിക്കേണ്ട മുന്‍കരുതലുകള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനാണ് സേഫ്റ്റി ബ്രീഫിംഗ് ക്ലാസുകള്‍ നടത്തുന്നത്. ഹൗസ്‌ബോട്ടുകളിലും മറ്റും ഘടിപ്പിക്കുന്ന ചെറിയ സ്പീക്കര്‍ വഴിയായിരിക്കും നിര്‍ദേശങ്ങള്‍ നല്‍കുക.

ഫൈബര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയില്‍ ചെറിയ സ്പീക്കര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യാത്രയിലുടനീളം പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ 20 മാര്‍ഗനിര്‍ദേശങ്ങളാണ് സ്പീക്കറിലൂടെ നല്‍കുക. അഞ്ചുമുതല്‍ ഏഴ് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സന്ദേശങ്ങള്‍ ഓരോ യാത്രക്ക് മുമ്പ് യാത്രക്കാരെ കേള്‍പ്പിക്കും. യാത്ര ചെയ്യാനായി കയറുന്ന ബോട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടോയെന്ന് കൃത്യമായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ എന്നുള്ള നിര്‍ദേശവും നല്‍കും. സംസ്ഥാനത്ത് മുന്‍പുണ്ടായ തട്ടേക്കാട് മുതല്‍ താനൂര്‍ വരെയുള്ള ബോട്ടപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം, അപകടം വരുത്തിയ നാശനഷ്ടം എന്നിവയും ഓര്‍മിപ്പിക്കും.

അതേസമയം കടത്തുവള്ളങ്ങളില്‍ സ്പീക്കറുകളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കടത്തുവള്ളങ്ങള്‍ ഉപയോഗിക്കുന്ന കടവുകളില്‍ യാത്രക്ക് മുന്നെ നിര്‍ദേശങ്ങള്‍ കേള്‍പ്പിക്കാനുള്ള പദ്ധതിയുമുണ്ട്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button