നിജിനയുടെയും മകന്റെയും മരണം കൊലപാതകമെന്ന്
കീഴരിയൂർ കാരടി പറമ്പത്ത് കുമാരന്റെ മകൾ നിജിനയും മകൻ റുഡ് വിച്ചിന്റെയും മരണം കൊലപാതകമാണെന്നു് കീഴരിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗം ആരോപിച്ചു. ചാത്തമംഗലം വെള്ളന്നൂരിലെ ഭർതൃവീടായ കൊല്ലറമ്പത്ത് രഖിലേഷിന്റെ വീട്ടിലെ കിണറ്റിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നു. വെള്ളന്നൂർ വിരുപ്പിൽ ബാർബർ ഷോപ്പ് നടത്തുകയാണ് രഖിലേഷ്.
സംഭവ ദിവസം രഖിലേഷും മാതാപിതാക്കളും കാലത്ത് 6 ന് തിരൂരിലെ മരിച്ച വീട്ടിൽ പോയെന്നും 10 ന് തിരികെയെത്തിയപ്പോഴേക്കും നിജിനയേയും മകനെയും കാണാനില്ലെന്നും തിരിച്ചിലിൽ ഇരുവരെയും മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തുകയായിരുന്നെന്നുമാണ് രഖിലേഷും വീട്ടുകാരും പറയുന്നത്. ഇത് വിശ്വസനീയമല്ല. കാലത്ത് 6 മണിക്ക് തിരൂരിലെ മരണവീട്ടിൽ ചെന്ന് തിരികെ 10 മണിക്ക് വീട്ടിൽ എത്തി എന്നു പറയുന്നതിൽ തന്നെ ദുരൂഹതയുണ്ട്. നിജിനയുടെയും റുഡ് വിച്ചിന്റെയും ഭൗതികശരീരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കീഴരിയൂരിലെ കരടി പറമ്പത്ത് വീട്ടിൽ സംസ്കരിച്ചു. നിജിനയുടെ ബന്ധുക്കൾ കുന്നമംഗലം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇന്നലെ കുന്ദമംഗലം എസ് എച്ച് ഒ സി.എച്ച്.ശ്രീജിത്ത് നിജിനയുടെ കീഴരിയൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. ഡിവൈഎസ്പി കെ.അഷറഫിനാണ് അന്വേഷണ ചുമതല.
കീഴരിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി ആക്ഷൻ കൗൺസിൽ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.പി.അബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ കരയിൽ, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കീഴരിയൂർ,പി.കെ.ബാബു, കെ.കെ.ദാസൻ, ഇ.ടി.ബാലൻ, ടി.കുഞ്ഞിരാമൻ, സന്തോഷ് കാളിയത്ത്, കെ.എം.വേലായുധൻ, സുരേഷ് മാലത്ത്, ഇ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ ചെയർമാനും ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കീഴരിയൂർ ജനറൽ കൺവീനറും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സഹ ഭാരവാഹികളുമായി 101 അംഗ ആക്ഷൻ കൺസിൽ കമ്മിറ്റി രൂപീകരിച്ചു.